(www.kl14onlinenews.com)
(July -04-2023)
ബാംഗ്ലൂർ:
സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒന്‍പതാം കിരീടം. ഫൈനലില്‍ കുവൈത്തിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സാഫില്‍ വീണ്ടും ഇന്ത്യന്‍ വിജയഗാഥ. അവസാനം വരെ ഒപ്പത്തിനൊപ്പം നിന്ന കുവൈത്തിനെ തോല്‍പിച്ച് ഒന്‍പതാം സാഫ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍.
ഫൈനലിന്റെ എല്ലാ സമ്മര്‍ദവും നിറഞ്ഞ മല്‍സരം. ആദ്യം സ്കോര്‍ ചെയ്തത് കുവൈത്ത്. അതും മല്‍സരം തുടങ്ങി പതിനാലാം മിനിറ്റില്‍. തിരിച്ചടിക്കാന്‍ ഇന്ത്യയുടെ ശ്രമം. ഒടുവില്‍ മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ചാങ്തെ സ്കോര്‍ ചെയ്തു. പിന്നാലെ കളി കാര്യമായി, ഒപ്പത്തിനൊപ്പം ഫൈറ്റും ഫൗളുമായി മുന്നേറിയ മല്‍സരം ഒടുവില്‍ ഷൂട്ടൗട്ടില്‍. ആദ്യ അവസരം പാഴാക്കിയ കുവൈത്ത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി. പക്ഷേ നാലാം കിക്കെടുത്ത ഉദാന്ത സിങിന് പിഴച്ചു. പിന്നാലെ അഞ്ചാം കിക്കും ഗോള്‍ നേടി ഇന്ത്യ കരുത്തുകാട്ടിയപ്പോള്‍ കുവൈത്തിന്റെ ഷോട്ട് ഗോളി ഗുര്‍പ്രീത് സിങ് തടുത്തു.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് പിന്നാലെ സാഫ് കപ്പും നേടിയത് ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി. ഫിഫ റാങ്കില്‍ നൂറാം സ്ഥാനത്തെത്തിയ ടീമിന് ഈ ജയത്തോടെ റാങ്ക് മെച്ചപ്പെടുത്താനാകും. ഒപ്പം വാരാനിരിക്കുന്ന ഏഷ്യാ കപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുമാകും.
1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.
പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ലബനനെ 4–2നു തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. കുവൈത്ത് എക്സ്ട്രാ ടൈം വരെ നീണ്ട സെമി മത്സരത്തിൽ ബംഗ്ലദേശിനെ 1–0ന് തോൽപിച്ചു. ടൂർണമെന്റിൽ ഇന്ത്യ രണ്ടാം തവണയാണ് കുവൈത്തിനെ നേരിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഗ്രൂപ്പ് മത്സരം 1–1 സമനിലയായിരുന്നു. ടൂർണമെന്റിൽ ഇരുടീമിനും വിജയിക്കാൻ കഴിയാതെ പോയ ഏക മത്സരവും ഇതായിരുന്നു.
Post a Comment