(www.kl14onlinenews.com)
(July -04-2023)
മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി. പലയിടത്തും വീടുകളില്‍ വെള്ളം കയറി. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്കാണ് നിരവധിപേര്‍ രക്ഷപ്പെട്ടത്. സംസ്ഥാനത്ത് നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. അതേസമയം ഇടുക്കിയിലും കോട്ടയത്തും മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റം ഉണ്ടാകില്ല. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.
അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് പേര്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയില്‍ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്ത്രീ മരണപ്പെട്ടു. പല്ലാറോഡ് കുമാരന്‍ മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു. തങ്കമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ വൈദ്യുതി നിലച്ചത് മൂലം വന്‍ ദുരന്തം ഒഴിവായി. നാല് പേരാണ് ഈ സമയം പാടത്ത് കള വലിക്കാനുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് നിസാരമായ പരുക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണ്‍ (20) ആണ് മരിച്ചത്. വെറോണും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സും കാട്ടൂര്‍ പൊലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേറ്റുംങ്കര പോളിടെക്‌നിക്ക് കോളജിലെ വിദ്യാര്‍ഥിയാണ്.
കോഴിക്കോട് ഇരുവഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി.കെ ഹുസൈന്‍ കുട്ടി എന്നയാളെ കാണാതായി. തോട്ടപ്പള്ളിയില്‍ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.
കണ്ണൂരില്‍ ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പടുവിലായി ചാമ്പാട് ഒരു വീട് തകര്‍ന്നു. ചാമ്പാട് കുശലകുമാരിയുടെ വീടാണ് തകര്‍ന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലായി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പഴയങ്ങാടിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.
മലപ്പുറം പൊന്നാനി തീരത്തു മുപ്പതോളം വീടുകളില്‍ കടല്‍ക്ഷോഭത്തില്‍ വെള്ളം കയറി. വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ചങ്ങരംകുളം ഹൈവേ ജംക്ഷനില്‍ മരം കടപുഴകി വീണു. കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് കാരണം വലിയ അപകടം ഒഴിവായി. ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി. നിലമ്പൂരില്‍ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സംഘം സന്ദര്‍ശനം നടത്തി. എന്‍ഡിആര്‍എഫിന്റെ ഇരുപത് പേരടങ്ങിയ സംഘമാണ് ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്.
മൂവാറ്റുപുഴ കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 12 മണിയോട് കൂടിയാണ് അപകടമുണ്ടായത്. സമീപത്തെ വലിയ മണ്‍തിട്ടയില്‍ നിന്നും പാറക്കല്ലുകള്‍ ഉള്‍പ്പെടെ കാറിന്റെ മുന്‍ഭാഗത്ത് പതിച്ചു. കാറിനുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. മണ്ണ് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗത്തെ ഒരു വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കോലഞ്ചേരി സ്വദേശി ബിജു കെ ജോര്‍ജിന്റെ വാഹനമാണ് തകര്‍ന്നത്.
Post a Comment