(www.kl14onlinenews.com)
(July -26-2023)
ഡൽഹി :
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അംഗീകരിച്ചു. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ ഉടന്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഭാരത് രാഷ്ട്ര സമിതിയും (BRS) നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നോട്ടീസ് നല്‍കിയത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുളള ബിആര്‍എസിന്റെ നേതാവ് നാഗേശ്വര റാവുവും അവിശ്വാസപ്രമേയത്തിന് സ്പീക്കര്‍ക്ക് പ്രത്യേക നോട്ടീസ് സമര്‍പ്പിച്ചിരുന്നു. സഭയില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് അവിശ്വാസ പ്രമേയം കൊണ്ട് ലക്ഷ്യമിടുന്നത്. പ്രമേയം പാസായാല്‍ സര്‍ക്കാര്‍ രാജിവെയ്‌ക്കേണ്ടിവരും.
അവിശ്വാസ പ്രമേയം ക്രമപ്രകാരമാണെന്നു കണ്ടാല്‍ സ്പീക്കര്‍ പ്രമേയം സഭയില്‍ വായിക്കും. തുടര്‍ന്ന് പ്രമേയത്തെ അനുകൂലിക്കുന്ന അംഗങ്ങളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടും. 50 പ്രതിപക്ഷ അംഗങ്ങളെങ്കിലും ഇതിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിപ്പൂര്‍ അക്രമത്തില്‍ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 20നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ജൂലൈ 19 ന്, മണിപ്പൂരില്‍ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യമൊട്ടുക്കെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പാര്‍ലമെന്റിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നത്
Post a Comment