(www.kl14onlinenews.com)
(July -14-2023)
തൃക്കാക്കര: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസില്‍ യുവാവ് കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ ചെന്പൂക്കാവ് സ്വദേശി വൈശാഖാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്.
ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചത്. ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയില്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ടെന്നും വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം കൂടുതല്‍ സ്വര്‍ണവും പണവും ഇടക്കിടെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. വൈശാഖ് നേരത്തെ വിവാഹിതനാണെന്നും ബന്ധുക്കള്‍ കണ്ടെത്തി.
ബി ടെക് പാസ്സാകാത്ത പ്രതി ബെംഗളൂരുവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിന് ചേര്‍ന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയെ കഴിഞ്ഞ വര്‍ഷം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വിവാഹം. ആദ്യ ഭാര്യ നല്‍കിയ പരാതിയില്‍ വൈശാഖിനെതിരെ പട്‌ന പൊലീസ് സ്റ്റേഷനിലും കേസുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് വൈശാഖിന്റെ അച്ഛന്‍ പ്രഹ്ലാദന്‍, അമ്മ മീന, സഹോദരന്‍ നിഖില്‍ എന്നിവരേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
Post a Comment