ജില്ലയ്ക്ക് ആശ്വാസം, മിന്നൽപ്രളയത്തിൽ കുടുങ്ങിയ മൊഗ്രാൽപുത്തൂർ സ്വദേശികൾ തിരിച്ചെത്തി

(www.kl14onlinenews.com)
(July -14-2023)

ജില്ലയ്ക്ക് ആശ്വാസം, മിന്നൽപ്രളയത്തിൽ കുടുങ്ങിയ മൊഗ്രാൽപുത്തൂർ സ്വദേശികൾ തിരിച്ചെത്തി

മൊഗ്രാൽപുത്തൂർ: ഹിമാചൽപ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മൊഗ്രാൽപുത്തൂർ സ്വദേശികളായ സുഹൃദ്സംഘം രക്ഷപ്പെട്ട് തിരികെയെത്തിയപ്പോൾ നാടിനും വീട്ടുകാർക്കും ആശ്വാസം. ശക്തമായ മഴയിൽ റോഡും വീടും ഒന്നാകെ ഒലിച്ചു പോകുന്ന ഞെട്ടിക്കുന്ന കാഴ്ചയ്ക്കിടയിലാണ് എട്ടംഗ സുഹൃദ്സംഘം കുടുങ്ങിയത്. നൗഫൽ പുത്തൂർ, സുബൈർ, മുത്തലിബ്, നാസർ, ഹസ്സൻ, റഫീക്ക്, ജസ്സു, നവാസ് എന്ന നബു, എന്നിവരാണ് ഡൽഹി, ആഗ്ര, മനാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോയത്. കഴിഞ്ഞ 3നാണ്പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഹിമാചലിലേക്ക് ബസിലാണ് പോയത്. ഹിമാചലിലെ പ്രധാന കേന്ദ്രങ്ങളിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മിന്നൽ പ്രളയം. ‘റോഡുകളും പാലങ്ങളുമില്ല. പലതും തകർന്നു. ചിലത് ഒലിച്ചു പോയി.

താമസിച്ച കെട്ടിടത്തിൽ വെള്ളവും വെളിച്ചവുമില്ല, പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയും. ഭക്ഷണസാധനങ്ങൾ തീരാറായി. പട്ടിണിയിലേക്കു നീങ്ങുന്ന അവസ്ഥയായിരുന്നു. ഒന്നര ദിവസമാണ് കുടുങ്ങിയത്.’– വീട്ടിലെത്തിയിട്ടും ഭീതി മാറാതെ നൗഫൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷെമീറ ഫൈസൽ, പൊതു പ്രവർത്തകൻ മാഹിൻ കുന്നിൽ എന്നിവർ കലക്ടർ ഇമ്പശേഖറിനെ കാര്യങ്ങൾ അറിയിച്ചു. ജില്ലാ ഭരണകൂടവും സ്പെഷൽ ബ്രാഞ്ചും സർക്കാർ തലത്തിൽ ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനിടെ ദുരന്ത സ്ഥലത്തു നിന്ന് 25 കിലോമീറ്റർ യാത്ര ചെയ്ത ശേഷം ഫോണിൽ നാട്ടിലേക്ക് ബന്ധപ്പെടുകയായിരുന്നു.

പിറ്റേന്ന് ശക്തമായ മഴയിലും മണിക്കൂറുകൾ കൊണ്ട് അധികൃതർ ഒരു റോഡ് ഒരുക്കി. വരുന്ന വഴിയിൽ വാഹനങ്ങളും കെട്ടിടങ്ങളും കൂറ്റൻ കല്ലുകളും ഒലിച്ചു പോകുന്നതു കണ്ടുവെന്ന് നൗഫൽ പറഞ്ഞു. അവിടത്തെ ജനങ്ങളും അധികൃതരും ഒറ്റക്കെട്ടായി ദുരന്തമുഖത്ത് നിന്നതു കൊണ്ടാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇല്ലെങ്കിൽ ഒരു മാസം പിന്നിട്ടാലും മടങ്ങാൻ കഴിയുമായിരുന്നില്ല. അത്രയും ഭീതിജനകമായ അവസ്ഥയായിരുന്നു. അധിക റോഡുകളിലും ഒറ്റ വാഹനത്തിന് പോകാനുള്ള സൗകര്യമേ ഉള്ളൂ. ഇപ്പോഴും കുറെ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നും സംഘാംഗങ്ങൾ പറഞ്ഞു.

Post a Comment

Previous Post Next Post