ഏക സിവില്‍ കോഡ്: മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറില്‍ സിപിഐഎം പങ്കെടുക്കും

(www.kl14onlinenews.com)
(July -22-2023)

ഏക സിവില്‍ കോഡ്: മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറില്‍ സിപിഐഎം പങ്കെടുക്കും

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐഎം പങ്കെടുക്കും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണന്‍ ആണ് സെമിനാറില്‍ പങ്കെടുക്കുക. ജൂലൈ 26 ന് കോഴിക്കോട് വെച്ചാണ് സെമിനാര്‍.

ഏക സിവില്‍കോഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന എല്ലാവരുമായും സഹകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. അതൊരു രാഷ്ട്രീയ ഐക്യ മുന്നണിയായി കാണുന്നില്ല. അതിവിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിട്ടാണ് കാണുന്നത്. വര്‍ഗീയവാദികളെ മാത്രമേ സഹകരണത്തില്‍ നിന്ന് ഒഴിവാക്കുന്നുളളു. ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുക തന്നെ ചെയ്യുമെന്നുമായിരുന്നു വിഷയത്തില്‍ എംവി ഗോവിന്ദന്റെ പ്രതികരണം.

മുസ്ലിം കോര്‍ഡിനേഷന്റെ പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. സെമിനാറില്‍ പങ്കെടുക്കുമോയെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണ് എന്നും പിഎംഎ സലാം അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്. ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഐഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീംലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കാതിരുന്നത്.

Post a Comment

Previous Post Next Post