(www.kl14onlinenews.com)
(July -24-2023)
വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡി.കോളേജില്‍ നിന്നു തന്നെ,രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് റിപ്പോർട്ട്
കോഴിക്കോട് :
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന ഹര്‍ഷിന എന്ന യുവതിയുടെ പരാതിയില്‍ ഒടുവില്‍ അന്വേഷണം പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ തന്നെയാണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.
കോഴിക്കോട് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാമത്തെ പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടര്‍ നടപടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തും.
2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷമാണ് യുവതി വേദന തിന്നത്. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തുന്നത്. പിന്നീട് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
തുടര്‍ന്ന് ഫെബ്രുവരി 26ന് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികള്‍ എന്നിവരെ പ്രതിചേര്‍ത്താണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നത്.
Post a Comment