‘ബോംബെ’ ഓർമകളിൽ ബേക്കൽ കോട്ട; സിനിമാ ടൂറിസത്തിന് പിന്തുണയുമായി മണിരത്നവും

(www.kl14onlinenews.com)
(July -11-2023)

‘ബോംബെ’ ഓർമകളിൽ ബേക്കൽ കോട്ട; സിനിമാ ടൂറിസത്തിന് പിന്തുണയുമായി മണിരത്നവും
കാസർകോട് : ബേക്കൽ,
മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രത്തിലെ “ഉയിരേ ഉയിരേ വന്നു എന്നോടു കലന്തുവിടു,” എന്ന ഗാനം കേൾക്കുമ്പോഴെല്ലാം സിനിമാസ്വാദകരുടെ മനസ്സിൽ തെളിയുക മനീഷ കൊയ്‌രാളയും അരവിന്ദ് സ്വാമിയും പിന്നെ ബേക്കൽ കോട്ടയുടെ വശ്യഭംഗിയുമാണ്. 28 വർഷങ്ങൾക്കിപ്പുറവും ഒട്ടും ഒളിമങ്ങാതെ ആ വിഷ്വൽ ഓരോ ചലച്ചിത്രാസ്വാദകന്റെയും ഉള്ളിൽ തെളിമയോടെ നിൽക്കുകയാണ്. ആ ഓർമകളെയെല്ലാം എക്കാലത്തും അതേ പുതുമയോടെ നിലനിർത്തുന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കാൻ ഒരുങ്ങുകയാണ് കേരള സർക്കാർ.

പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. ബോംബെ എന്ന സിനിമയിലെ ഗാനരംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലമായ ബേക്കല്‍ കോട്ടയേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്നം പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി ബേക്കലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ മണിരത്നവും സമ്മതം അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ താരങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കും. മണിരത്നത്തെപ്പോലെയുള്ള മഹാനായ സംവിധായകന്‍റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷമായ നിമിഷമാണിതെന്നും അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ഇതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും ഇതിന്‍റെ സാധ്യത വകുപ്പ് തേടും.

Post a Comment

Previous Post Next Post