ഹജ്ജിന് നേതൃത്വം നൽകിയ സൗദി ഭരണകൂടത്തെ അറബ് പാർലമെൻറ് അഭിനന്ദിച്ചു

(www.kl14onlinenews.com)
(July -02-2023)

ഹജ്ജിന് നേതൃത്വം നൽകിയ സൗദി ഭരണകൂടത്തെ അറബ് പാർലമെൻറ് അഭിനന്ദിച്ചു
ജിദ്ദ:നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മികച്ച ആസൂത്രണത്തോടെയും വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനത്തോടെയും ഹജ് കർമങ്ങൾ വിജയത്തിലെത്തിച്ച സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഇസ്‌ലാമിക സംഘടനകളും മുസ്‌ലിം രാഷ്ട്ര നേതാക്കളും അഭിനന്ദനങ്ങൾ നേർന്നു.

സുരക്ഷിതവും ആശ്വാസപ്രദവുമായ ഹജ്ജിന് നേതൃത്വം നൽകിയ സൗദി ഭരണകൂടത്തെ അറബ് പാർലമെൻറ് അഭിനന്ദിച്ചു. തീർഥാടകർക്ക് അവരുടെ കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിന് രാഷ്ട്രത്തിന്‍റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയതായി അറബ് പാർലമെൻറ് സ്പീക്കർ ആദിൽ അബ്ദുറഹ്മാൻ അൽ അസൗമി വിലയിരുത്തി.

ആതിഥ്യത്തിന്‍റെയും സേവനത്തിന്‍റെയും മികച്ച മാതൃകയാണ് സൗദി തീർത്തതെന്ന് അഭിപ്രായപ്പെട്ട ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒഐസി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ സേവനങ്ങളുടെ നിലവാരത്തെ പ്രശംസിക്കുകയും ചെയ്തു. തീർഥാടകർക്ക് നൽകി വരുന്ന സൗകര്യങ്ങളിലും സേവനങ്ങളിലും സംതൃപ്തി രേഖപെടുത്തിയ ഗൾഫ് കോർപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇക്കാര്യത്തിൽ സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും മഹത്തായതും അഭിനന്ദനാർഹവുമായ ശ്രമങ്ങളെ പ്രശംസിച്ചു.

ഹജ് വിജയം രാജ്യത്തിന്‍റെ മറ്റൊരു അഭിമാന നേട്ടമാണെന്ന് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം സ്കോളേഴ്‌സ് ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ പ്രസ്താവനയിൽ പറഞ്ഞു.

ഇക്കൊല്ലത്തെ ഹജ് വിജയത്തിന് പിന്നിലെ ശ്രമങ്ങൾക്കും ആസൂത്രണ മികവിനും യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമും സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു. തീർഥാടകർക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കിയതിന് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞതായി യുഎഇ ഔദ്യോഗിക വാർത്ത ഏജൻസി ‘വാം’ റിപോർട്ട് ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദും സൽമാൻ രാജാവിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. ഈ വർഷത്തെ ഹജ്സീസൺ വിജയകരമായി സംഘടിപ്പിച്ചതിന് സൽമാൻ രാജാവിനെ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചതായി കുവൈത്ത് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഭരണ സംവിധാനത്തിന്‍റെ ഊർജവും കഴിവും ഹജ് വിജയത്തിനായി സമർപ്പിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ, പ്രധാനമന്ത്രി ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അസ്സബാഹ് എന്നിവരും സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു.

Post a Comment

Previous Post Next Post