അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

(www.kl14onlinenews.com)
(July -14-2023)

അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു
വെണ്ണിയോട് (വയനാട്):
5 വയസ്സുള്ള മകളുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ആണു മരിച്ചത്. പുഴയില്‍ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചില്‍ വിഫലമായി. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. 4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണ് ദര്‍ശനയുടെ മരണം.

യുവതിയും കുഞ്ഞും പുഴയിൽ ചാടിയത് കണ്ടയാൾ അറിയിച്ചതിനെ തുടർന്ന്, സമീപത്തെ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന നിഖിൽ എന്ന യുവാവു പുഴയിൽ ചാടി ദർശനയെ കരയ്ക്കെത്തിക്കുകയായിരുന്നു. ദർശനയെ കൽപറ്റയിലെ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലത്തിനു സമീപം ചെരിപ്പും കുടയും വച്ചാണു ദർശന കുഞ്ഞുമായി പുഴയിലേക്കു ചാടിയത്. ദക്ഷയ്ക്കായി ഇന്നലെ മുതൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കമ്പളക്കാട് സിഐ കെ. അജീഷിന്റെ നേതൃത്വത്തിൽ പൊലീസും കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവും എത്തിയിരുന്നു. സിഐ പുഴയിലിറങ്ങി തിരച്ചിലിന് നേതൃത്വം നൽകി. തിരച്ചില്‍ നാളെയും തുടരും.

Post a Comment

Previous Post Next Post