(www.kl14onlinenews.com)
(July -26-2023)
മുംബൈ:ഒക്ടോബർ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മാറ്റിവച്ചേക്കും. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായതിനാൽ കളി മറ്റൊരു ദിവസത്തേക്കു മാറ്റുന്നതാണു നല്ലതെന്ന് ബിസിസിഐയ്ക്ക് സുരക്ഷാ ഏജൻസികള്‍ നിർദേശം നൽകിയതായാണു വിവരം. കളി മാറ്റിവച്ചാൽ ഒക്ടോബർ 15ലേക്ക് ഹോട്ടൽ മുറികളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്ത ആരാധകർക്കു വൻ തിരിച്ചടിയാകും. ഒരു ലക്ഷം രൂപ വരെ മുടക്കിയാണ് ആളുകൾ അഹമ്മദാബാദിൽ ഹോട്ടൽ മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്.
കളി മാറ്റിവച്ചാൽ ഗുജറാത്തിനു പുറത്തുനിന്നുള്ള ആരാധകരുടെ യാത്രാപദ്ധതികളെല്ലാം പൊളിയും. ‘‘കളി നടത്തുന്നതിന് ലഭ്യമായ സാധ്യതകൾ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തിൽ ആയിരക്കണക്കിന് ആരാധകർ അഹമ്മദാബാദിലേക്ക് ഇരച്ചെത്തുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടത്താതിരിക്കുന്നതാണു നല്ലതെന്ന് സുരക്ഷാ ഏജൻസികൾ ഞങ്ങളോടു നിർദേശിച്ചിട്ടുണ്ട്.’’– ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഏകദിന ലോകകപ്പിലെ നാല് മത്സരങ്ങളാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തുന്നത്. ഒരു ലക്ഷം ആരാധകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയത്തിൽ ന്യൂസീലന്‍ഡ്– ഇംഗ്ലണ്ട്, ഇന്ത്യ–പാക്കിസ്ഥാൻ, ഇംഗ്ലണ്ട്– ഓസ്‍ട്രേലിയ പോരാട്ടങ്ങളും ഫൈനൽ മത്സരവും നടക്കും. രാജ്യത്തെ പത്ത് വേദികളിലായി നടക്കുന്ന ഏകദിന ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ മുംബൈയിലും കൊൽക്കത്തയിലുമാണ്.
ഇന്ത്യ– പാക്ക് പോരാട്ടം മാറ്റിയാൽ ലക്ഷങ്ങൾ ചെലവാക്കി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തവർക്ക് അതെല്ലാം റദ്ദാക്കേണ്ടിവരും. കളി കാണുന്നതിനായി ആശുപത്രി കിടക്കകൾവരെ ബുക്ക് ചെയ്തവരുണ്ട്. അഹമ്മദാബാദിലെ ആശുപത്രിയിൽ പരിശോധനകൾ നടത്തി, അവിടെ താമസിച്ച ശേഷം കളി കണ്ട് മടങ്ങാനാണ് ആരാധകരിൽ പലരും പദ്ധതിയിട്ടത്. ഐസിസി തീരുമാനം വന്നാൽ വിമാന ടിക്കറ്റുകളും ആരാധകർക്കു റദ്ദാക്കേണ്ടിവരും.
Post a Comment