കടല്‍ക്ഷോഭം; റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികള്‍; സംഘര്‍ഷം

(www.kl14onlinenews.com)
(July -25-2023)

കടല്‍ക്ഷോഭം; റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികള്‍; സംഘര്‍ഷം

കാസർകോട് :കടൽക്ഷോഭം രൂക്ഷമായ കാസർകോട് തൃക്കണ്ണാട് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. പ്രതിഷേധക്കാർ ഒരു മണിക്കൂറോളം കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചു. കടൽക്ഷോഭം രൂക്ഷമായിട്ടും ആശങ്ക പരിഹരിക്കാൻ നടപടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഈ വർഷം മേഖലയിൽ രണ്ട് വീടുകളും ഒരു കെട്ടിടവും പൂർണമായി കടലെടുത്തു.ഇന്ന് രാവിലെ പത്തരയോടെ ജില്ലാ കളക്ടർ നേരിട്ട് എത്തി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കളക്ടർ എത്താതിരുന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. പ്രതിഷേധക്കാരെ മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള പൊലീസ് നീക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

15 മീറ്ററോളം ജിയോബാഗ് പാളി ചെരി‍ഞ്ഞ നിലയിലാണ്. തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്നിൽ തീരദേശ റോഡിൽ നിന്നു തെക്കു പ‍ടിഞ്ഞാറുഭാഗം 15 മീറ്റർ അകലെ വരെ കര കടലെടുത്ത നിലയിലാണ്. ഈ പ്രദേശത്ത് ആശങ്ക നില നിൽക്കുന്നു.തൃക്കണ്ണാട് കടപ്പുറത്തെ കടൽക്ഷോഭത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ കാസർകോട്–കാ‍ഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചു. തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപത്താണ് അരമണിക്കൂറോളം റോഡ് ഉപരോധിച്ചത്.തുടർന്ന് പൊലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. പ്രശ്നം ഇന്ന് കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

അങ്ങിങ്ങ് നാശനഷ്ടം

ഉദുമ ജെന്മ കടപ്പുറത്ത് രൂക്ഷമായ കടലാക്രമണത്തിൽ തെങ്ങുകൾ കടപുഴകി. ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം താലൂക്ക് പരിധിയിൽ ഒരു ഓട് മേഞ്ഞ വീട് പൂർണമായും ഒരു കുടിവെള്ള കിണറും തകർന്നു.കാലവർഷവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴ ശക്തം

കാസർകോട് ഇന്നലെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ബയാർ 50എംഎം, കുഡ്‌ലു 53.5 എംഎം, മുളിയാർ 62.5 എംഎം, മടിക്കൈ 49 എംഎം, വെള്ളരിക്കുണ്ട് 100 എംഎം, പടന്നക്കാട് 47.5 എംഎം എന്നിങ്ങനെ മഴ രേഖപ്പെടുത്തി. ജില്ലയിലെ എല്ലാ താലൂക്കു പ്രദേശത്തും രാത്രിയിൽ മഴ ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post