(www.kl14onlinenews.com)
(July -21-2023)
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ വീട് കത്തിച്ചത്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്.
26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രാജ്യവ്യാപക പ്രതിക്ഷേധത്തിന് കാരണമായി. മെയ് 3 നാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മാസത്തിന് ശേഷമാണ് ഭയാനകമായ ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നത്. ഇന്റർനെറ്റ് നിരോധനം നീക്കിയതോടെ വീഡിയോ വൈറലാകുകയായിരുന്നു.
വീഡിയോയ്ക്ക് മണിപ്പൂർ പോലീസ് സ്വമേധയാ കേസെടുത്തു. ബുധനാഴ്ച രാത്രി തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പോലീസ് സ്‌റ്റേഷനിൽ അജ്ഞാതർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യാഴാഴ്ച പറഞ്ഞു.
മെയ് 3 ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തീസ് ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, അതേസമയം നാഗകളും കുക്കികളും ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് കൂടുതലും താമസിക്കുന്നത്.
Post a Comment