മഴ തുടരുന്നു; കാസർകോട് ഉൾപ്പെടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

(www.kl14onlinenews.com)
(July -05-2023)

മഴ തുടരുന്നു;
കാസർകോട് ഉൾപ്പെടെ
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിh

തിരുവനന്തപുരം:കനത്ത മഴയെത്തുടർന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി കലക്ടർമാർ പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം, മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും ആലപ്പുഴയിൽ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂർ.
ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

∙ തൃശൂർ

ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ജൂലൈ 6) കലക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു മാറ്റമില്ല.

∙ ഇടുക്കി

പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി. 

∙ പാലക്കാട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

∙ കാസർകോട്

കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

∙ കോട്ടയം

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

∙ പത്തനംതിട്ട

തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാംപുകളും മല്ലപ്പള്ളിയിൽ 10 ദുരിതാശ്വാസ ക്യാംപുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്നതിനാൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കു മാറ്റം ഉണ്ടായിരിക്കുന്നതല്ല.

∙ ആലപ്പുഴ

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എന്ന നിലയ്ക്ക് ജൂലൈ 6ന് കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്കു മാറ്റമില്ല. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

Post a Comment

Previous Post Next Post