കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഗതാഗത നിയന്ത്രണം

(www.kl14onlinenews.com)
(July -05-2023)

കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഗതാഗത നിയന്ത്രണം
ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം കഴിഞ്ഞ ദിവസം വിള്ളല്‍ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. രണ്ട് അടിയോളം ആഴത്തിലാണ് റോഡ് താഴ്ന്നത്. ഇതിന്റെ പശ്ചാതലത്തില്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മന്ത്രി കെ. രാജന്റെയും ടി.എന്‍ പ്രതാപന്‍ എം.പിയുടെയും സാന്നിധ്യത്തില്‍ തൃശൂര്‍ കളകട്രേറ്റില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിച്ചിരുന്നു. കരാറുകരുടെ ചിലവില്‍ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനര്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് വിളളലുണ്ടായ ഭാഗം രണ്ട് അടിയോളം ഇടിഞ്ഞു താഴ്ന്നത്.

നിലവില്‍ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. ഭൂമി ഇടിഞ്ഞു താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകട സാധ്യതയായെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. പ്രധാന റോഡിന്റെ വശം ഇടിഞ്ഞു സര്‍വീസ് റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടുതല്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. അധികൃതരുടെ അനാസ്ഥയില്‍ ദുരന്തമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Post a Comment

Previous Post Next Post