(www.kl14onlinenews.com)
(July -21-2023)
നീലേശ്വരം: മന്ത്രിമാരില്ല; നാടുനീളെ മത്സരിച്ചുള്ള ഫ്ലക്സുകളോ അവകാശവാദങ്ങളോ ഇല്ല. അങ്ങനെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പുനീത്കുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും നൂറുകണക്കിന് നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ഇരുഭാഗത്തുമുള്ള വാഹനങ്ങളെ കടത്തിവിട്ടത്. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പുതിയ മേൽപാലം വഴി വാഹന ഗതാഗതം തുടരും. വഴി തിരിച്ചുവിടൽ അടയാളങ്ങളും മറ്റ് നിർദേശങ്ങളും പാലിക്കാനും ജില്ല കലക്ടറുടെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ദേശീയപാത അതോററ്റി ഓഫ് ഇന്ത്യയാണ് പാലം നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. പാലത്തിന്റെ പണി മുഴുവൻ പൂർത്തിയാക്കി ദേശീയപാത അതോറ്റിയുടെയും അന്തിമ സുരക്ഷാപത്രങ്ങളൊക്കെ ലഭിക്കുകയും ചെയ്തിട്ടും തുറന്നുകൊടുക്കാത്തത് ജനങ്ങളുടെ വൻപ്രതിഷേധത്തിന് കാരണമായിരുന്നു.
780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമുള്ള നാലുവരിപ്പാത 68 കോടി ചെലവിൽ എറണാകുളം ഇ.കെ.കെ പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം പൂർത്തിയാക്കിയത്. ഇപ്പോൾ റെയിൽവേ പാളത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതുകൊണ്ട് ആഗസ്റ്റ് 20 വരെ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് എം. രാജഗോപാലൻ എം.എൽ.എ, നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, മുൻ എം.പി പി. കരുണാകരൻ എന്നിവർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ബഡപ്പെട്ടതിനെ തുടർന്നാണ് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം മേൽപ്പാലം തുറന്നുകൊടുക്കാൻ തയാറായത്.
റെയിൽപാളം പ്രവൃത്തി കഴിഞ്ഞ് ആഗസ്ത് 21ന് വീണ്ടും മേൽപാലം അധികൃതർ അടച്ചിട്ടാൽ ശക്തമായ പ്രതിഷേധം ഉയരുമെന്ന കാര്യത്തിൽ സംശയമില്ല. മണിക്കൂറോളം ആംബുലൻസ് ഉൾപ്പെടെ ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനയാത്രക്കാർക്ക് മേൽപാലം തുറന്നുകൊടുത്തത് വലിയ ആശ്വാസമായി.
Post a Comment