(www.kl14onlinenews.com)
(July -06-2023)
കോഴിക്കോട്: സംസ്ഥാനമെമ്പാടും കനത്ത മഴതുടരുന്നതിനിടെ മഴക്കെടുതികളിൽ വ്യാഴാഴ്ച മാത്രം ആറു മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകൾ മരിച്ചത്.
കോഴിക്കോട് വടകര മണിയൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു. വടകര മണിയൂർ മുതുവന കടയക്കൂടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ തെങ്ങ് വീണു പൊട്ടിയ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
വെള്ളക്കെട്ടിൽ വീണ് കോട്ടയം അയ്മനത്തു വയോധികൻ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ സ്രാമ്പിത്തറ വീട്ടിൽ ഭാനുകറുമ്പനാണു (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്കു പുല്ല് നൽകാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോഴാണ് അപകടം. വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.
കോട്ടയം തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജു (18) ആണ് മരിച്ചത്.
വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെ തിരുവനന്തപുരം പാറശാലയിൽ ഗൃഹനാഥൻ മരിച്ചു. ചെറുവാരക്കോണത്ത് ചന്ദ്രനാണ് മരിച്ചത്. ആര്യനാട് 15 വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. അക്ഷയ് ആണ് മരിച്ചത്.
ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ പിരളശ്ശേരി സിഎസ്ഐ പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ കാൽ വഴുതി വീണ തൊഴിലാളി മരിച്ചു. മാവേലിക്കര തഴക്കര പൂമാത്തറയില്‍ ശശി ചന്ദ്രന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുളക്കുഴ പലയ്ക്കാമല തെങ്ങുംപറമ്പില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച 2ന് തഴക്കര വീട്ടുവളപ്പിൽ ഭാര്യ: ശാന്തമ്മ. മക്കള്‍: ശില്‍പ്പ, ശിശിര.
Post a Comment