(www.kl14onlinenews.com)
(Jun-10-2023)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ;
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം. 444 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി പുറത്താവാതെ നിന്നു. മാർനസ് ലെബുഷെയിനും മിച്ചൽ സ്റ്റാർക്കും 41 റൺസ് വീതമെടുത്തു. സ്റ്റീവൻ സ്മിത്ത് 34-ഉം കാമറൂൺ ഗ്രീൻ 25-ഉം റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജദേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമിയും ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസിന് നിലയുറപ്പിക്കും മുൻപെ ഓപണർ ഡേവിഡ് വാർണറെ (1) നഷ്ടമായിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് പിടിച്ചാണ് താരം പുറത്തായത്. കരുതിക്കളിച്ച ആസ്ട്രേലിയൻ നിരയിൽ ഉസ്മാൻ ഖ്വാജയാണ് പിന്നീട് വീണത്. ഉമേഷ് യാദവിന്റെ പന്തിൽ ഭരത് തന്നെ ക്യാച്ചെടുത്തായിരുന്നു 13 റൺസ് സമ്പാദ്യവുമായി താരത്തിന്റെ മടക്കം. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വേട്ടക്കാരായ സ്റ്റീവ് സ്മിത്തിനെയും (34) ട്രാവിസ് ഹെഡിനെയും (18) പുറത്താക്കി രവീന്ദ്ര ജഡേജ ഒസീസിനെ ഞെട്ടിച്ചു.
നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 124-ല്‍ നില്‍ക്കേ മാര്‍നസ് ലബുഷെയിനെ ഓസീസിന് നഷ്ടമായി. 41 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവാണ് പുറത്താക്കിയത്. നാലാം ദിനം ഒരു റണ്‍സ് പോലും നേടാനാകാതെയാണ് ലബുഷെയിന്‍ മടങ്ങിയത്.
സ്കോർ 167-ൽ നിൽക്കെ കാമറൂൺ ഗ്രീനും ജദേജയുടെ പന്തിൽ ബൗൾഡായി മടങ്ങി. എന്നാൽ, ഉച്ച ഭക്ഷണത്തിന് ശേഷം അലക്സ് കാരി, സ്റ്റാർക് കൂട്ടുകെട്ട് ഓസീസിന്റെ സ്കോർ അതിവേഗമുയർത്തുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 പന്തുകളിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. ടീം സ്‌കോര്‍ 260-ല്‍ നില്‍ക്കേ മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു. 41 റണ്‍സാണ് സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ കമ്മിന്‍സും വേഗത്തില്‍ കൂടാരം കയറിയതോടെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സിനാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 66-റണ്‍സെടുത്ത അലക്‌സ് കാരി പുറത്താവാതെ നിന്നു. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 444 ആയി മാറി.
നേരത്തേ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസ്‌ട്രേലിയ 296 റണ്‍സിന് മുന്നിലായിരുന്നു.
Post a Comment