(www.kl14onlinenews.com)
(June-25-2023)
ഡൽഹിയിൽ ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കമുള്ള റോഡിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത തൂണിൽ സ്പർശിച്ചതിനെ തുടർന്ന് യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. അഹൂജ ഞായറാഴ്ച പുലർച്ചെ 5.30 ന് സഹോദരിക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ഭോപ്പാലിലേക്കുള്ള ട്രെയിനിൽ കയറാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയാതായിരുന്നു.
എന്നാൽ, സ്‌റ്റേഷനു പുറത്ത് വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുമ്പോൾ താങ്ങിനായി വൈദ്യുതത്തൂണിൽ പിടിച്ചതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റത്. സംഭവം നടക്കുമ്പോൾ വൈദ്യുതത്തൂണിൽ നിന്ന് ഏതാനും കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയായിരുന്നു. അതേസമയം, വൈദ്യുതാഘാതമേറ്റ യുവതിയെ സഹായിക്കാൻ സമീപത്തുള്ളവർ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
തുടർന്ന് ഡൽഹി പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരി പോലീസിൽ പരാതി നൽകി. ഇൻസുലേഷൻ തകരാറുമൂലം തൂണിലെ കേബിളിൽ നിന്ന് കറന്റ് ചോർച്ചയുണ്ടായതിനാലാണെന്ന് പോലീസ് അറിയിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 287, 304 (യന്ത്രങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആരുടെ അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
Post a Comment