(www.kl14onlinenews.com)
(June-23-2023)
ജിദ്ദ: 160-ലേറെ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷത്തിലേറെ തീർഥാടകർ ഈ വർഷം ഹജ് നിർവഹിക്കുമെന്ന് ഹജ്–ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു.
തീർഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 32,000 കവിഞ്ഞതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോകത്തെങ്ങുനിന്നുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർ മഹത്തായ ഹജ് കർമ്മത്തിൽ പങ്കെടുക്കുമെന്നും ദൈവത്തിന്റെ അതിഥികൾക്ക് തടസ്സമില്ലാത്ത ഹജ് നിർവഹിക്കുന്നതിന് സൗദി അറേബ്യയിലെ സർക്കാരും ജനങ്ങളുംപങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ പിന്തുടരുന്നതിന് അൽ റബിയ നന്ദി പറഞ്ഞു. ഗതാഗത സംവിധാനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ സംയോജിത ഗതാഗത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു.
തീർഥാടകർക്കായി ഏർപ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങളെക്കുറിച്ചും മന്ത്രി വിശദമാക്കി. 1,92,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ കൂടാര നഗരമായ മിനയിലെ എല്ലായിടത്തും ആരോഗ്യം, സുരക്ഷ, സിവിൽ സർവീസ്, ഉപകരണങ്ങൾ എന്നിവയുടെ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ദൈവത്തിന്റെ അതിഥികളുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാനും ഹജിൽ സമ്പന്നമായ അനുഭവം കൈവരിക്കാനും മന്ത്രാലയം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഈ നേട്ടങ്ങൾ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ്. തീർഥാടകരുടെ സുഖസൗകര്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ആരായുകയും ചെയ്തുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment