കേസിന്റെ വിശദാംശങ്ങൾ നേതൃത്വത്തെ അറിയിക്കാൻ സുധാകരനും സതീശനും നാളെ ഡൽഹിക്ക്

(www.kl14onlinenews.com)
(June-25-2023)

കേസിന്റെ വിശദാംശങ്ങൾ നേതൃത്വത്തെ അറിയിക്കാൻ സുധാകരനും സതീശനും നാളെ ഡൽഹിക്ക്
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നാളെ ഡൽഹിക്ക്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ ധരിപ്പിക്കാനാണ് യാത്ര. സുധാകരനെതിരായ കേസിന്റെ വിശദാംശങ്ങളും ഹൈക്കമാൻഡിനെ ധരിപ്പിക്കും. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയമായി പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ഇരുവരുടെയും ഡൽഹി സന്ദർശനമെന്നത് ശ്രദ്ധേയം.

നാളെ ഡൽഹിയിലെത്തുന്ന സുധാകരനും സതീശനും ആദ്യം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാളെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. അദ്ദേഹത്തെയും ഇരുവരും നേരിൽ കാണും. കൂടിക്കാഴ്ചകൾക്കും ചർച്ചകള്‍ക്കുമായി സുധാകരനും സതീശനും രണ്ടു ദിവസം ഡൽഹിയിൽ ഉണ്ടാകും.

പ്രതിപക്ഷത്തെ പ്രധാന നേതാക്കളായ ഇരുവർക്കുമെതിരെ കേരളത്തിൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. സിപിഎം ഭരിക്കുകയും കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്ത്, ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും നേതൃത്വത്തെ അറിയിക്കും.

കഴിഞ്ഞ ദിവസം പട്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ ഒന്നിച്ചു നീങ്ങാൻ കൈകൊടുത്തവരിൽ കോൺഗ്രസ്, സിപിഎം നേതാക്കളും ഉൾപ്പെട്ടിരുന്നു. ദേശീയ തലത്തിൽ ഒന്നിച്ചു നീങ്ങുന്നതിനിടെയാണ് കേരളത്തിൽ ഇത്തരമൊരു ഏറ്റുമുട്ടൽ എന്നതും സവിശേഷമായ സാഹചര്യമാണ്.

നേരത്തെ, കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ രൂപപ്പെട്ട തർക്കങ്ങളെ തുടർന്ന് ഗ്രൂപ്പ് നേതാക്കൾ ഇരുവർക്കുമെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് ഇരു നേതാക്കളെയും പ്രതികളാക്കി സർക്കാർ കേസ് റജിസ്റ്റർ ചെയ്യുന്ന സാഹചര്യം വന്നതോടെ പരാതികളെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഗ്രൂപ്പുകൾ. നിലവിൽ ഇരുവർക്കും പ്രതിരോധം തീർത്ത് കോൺഗ്രസ് നേതാക്കൾ സജീവമാണ്.

Post a Comment

Previous Post Next Post