'വീട് പൂട്ടി വിദ്യ പോയി', തെളിവൊന്നും ലഭിക്കാതെ പോലീസ്

(www.kl14onlinenews.com)
(Jun-10-2023)

'വീട് പൂട്ടി വിദ്യ പോയി', തെളിവൊന്നും ലഭിക്കാതെ പോലീസ്
കാസർകോട്:
മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ വിജയൻറെ വീട്ടിൽ അഗളി പോലീസും നീലേശ്വരം പോലീസും പരിശോധന നടത്തി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യാ വിജയന്റെ വീട്ടിൽ അഗളി പോലീസ് ആണ് ആദ്യം വീട്ടിലെത്തിയത്. പോലീസ് എത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വിദ്യയും വീട്ടുകാരും നാട്ടിൽ നിന്ന് പോയിരുന്നു.

ഒടുവിൽ അടുത്തുള്ള ബന്ധുവിനെ തേടിപ്പിടിച്ചാണ് പോലീസ് വീട് തുറന്ന് പരിശോധന നടത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കൊപ്പമാണ് വിദ്യ താമസിച്ചിരുന്നത്. അതേസമയം, അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. കോടതി ഉത്തരവുപ്രകാരമാണ് തെളിവ് ശേഖരിക്കാൻ വീട്ടിലെത്തിയതെന്ന് അഗളി എസ് എച്ച് ഓ സലിം പറഞ്ഞു.

അധ്യാപക നിയമനത്തിനായി അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ വിദ്യ ഹാജരാക്കിയ വ്യാജ രേഖകൾ കണ്ടെത്താനാണ് അഗളി പോലീസ് സംഘം തൃക്കരിപ്പൂരിൽ എത്തിയത്. അഗളി കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലി മോൾ വർഗീസിന്റെ പരാതിയിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം അഗളി പോലീസ് വെള്ളിയാഴ്ച രാവിലെ തന്നെ കോളേജിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനുശേഷം ആണ് വിദ്യയുടെ വീടും പരിശോധന നടത്താൻ തീരുമാനിച്ചത്.

എന്നാൽ പരിശോധനയിൽ വീട്ടിൽ നിന്നും യാതൊരു തെളിവും കണ്ടെത്താനായില്ല. അഗളി പോലീസ് കരിന്തളം കോളേജ് പ്രിൻസിപ്പലിന്റെ മൊഴി കൂടി രേഖപ്പെടുത്തും. അതേസമയം വിദ്യ ഇപ്പോൾ എവിടെയാണെന്ന സൂചന പോലും പോലീസിൽ ലഭിച്ചിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തു നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വിദ്യ ഹാജരാക്കിയ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വിദ്യയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ ലഭിക്കു എന്നാണ് പോലീസ് പറയുന്നത്. കോളേജിൽ നിന്ന് വിദ്യാ ഹാജരാക്കിയ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് പോലീസ് ശേഖരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post