കർണാടകയിൽ വിധിയെഴുത്ത്: 80 ശതമാനത്തിലധികം ജനങ്ങൾ ബിജെപിയെ പിന്തുണക്കുമെന്ന് ബി എസ് യെദ്യൂരപ്പ

(www.kl14onlinenews.com)
(10-May-2023)

കർണാടകയിൽ വിധിയെഴുത്ത്: 80 ശതമാനത്തിലധികം ജനങ്ങൾ ബിജെപിയെ പിന്തുണക്കുമെന്ന് ബി എസ് യെദ്യൂരപ്പ
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. അഞ്ചേകാൽ കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കർണാടക മന്ത്രിമാർ എന്നിവർ തിരഞ്ഞെടുപ്പിന്റെ ആദ്യ നിമിഷങ്ങളിൽ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി കഴിഞ്ഞു.
കർണാടക ജനത ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. 75 മുതൽ 80 ശതമാനത്തിലധികം ജനങ്ങൾ ബിജെപിയെ പിന്തുണക്കുമെന്നും തങ്ങൾ 130 മുതൽ 135 സീറ്റുകൾ വരെ നേടുമെന്നും യെദ്യൂരപ്പ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.
ബജ്‌റംഗ്ദൾ വിവാദം കോൺഗ്രസിന്റെ മണ്ടത്തരത്തിന്റെ ഉദാഹരണമാണെന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വിലക്കയറ്റത്തിൽ തങ്ങൾ കോൺഗ്രസിനൊപ്പമാണെന്നും ജനങ്ങൾക്ക് ഭാരമുണ്ടാക്കാൻ അനുവദിക്കില്ലെന്നും എന്നാൽ പ്രതിപക്ഷത്തിന് ഇതിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരു വിജയനഗറിലെ 52-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം.

Post a Comment

أحدث أقدم