32 റൺസിനിടെ 8 വിക്കറ്റ് തുലച്ച് ലക്നൗ, മൂന്നുപേരെ റണ്ണൗട്ടാക്കിയ മികവ്; ഇതാ ഹിറ്റ്മാന്റെ മുംബൈ 2023

(www.kl14onlinenews.com)
(25-May-2023)

32 റൺസിനിടെ 8 വിക്കറ്റ് തുലച്ച് ലക്നൗ, മൂന്നുപേരെ റണ്ണൗട്ടാക്കിയ മികവ്; ഇതാ ഹിറ്റ്മാന്റെ മുംബൈ
ചെന്നൈ : 5 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ്! ഉത്തരാഖണ്ഡുകാരൻ ആകാശ് മധ്‌വാളിന്റെ തീപാറുന്ന പന്തുകൾ ഐപിഎൽ ക്രിക്കറ്റിൽ ലക്നൗ സൂപ്പർ ജയന്റ്സിന് പുറത്തേക്കുള്ള വഴി കാണിച്ചു. എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന് 81 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിനെ മുംബൈ 101 റൺസിൽ ഓൾഔട്ടാക്കിയപ്പോൾ നിർണായകമായത് 29 വയസ്സുകാരൻ മധ്‌വാളിന്റെ ഉജ്വല ബോളിങ് പ്രകടനമാണ്. 3 ലക്നൗ ബാറ്റർമാരെ റണ്ണൗട്ടാക്കിയ മുംബൈ താരങ്ങൾ ഫീൽഡിങ്ങിലും മികവ് കാട്ടി. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാംപ്യൻമാരായ ഗുജറാത്താണ് മുംബൈയുടെ എതിരാളികൾ. സ്കോർ: മുംബൈ– 20 ഓവറിൽ 8ന് 182. ലക്നൗ– 16.3 ഓവറിൽ 101.
ഭാഗ്യത്തിന്റെ അകമ്പടിയോടെ ഐപിഎൽ പ്ലേഓഫിൽ കടന്ന മുംബൈയെ അല്ല ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. എലിമിനേറ്റർ പോരാട്ടത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും എതിരാളികളെ അവർ നിഷ്പ്രഭരാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമയെയും (10 പന്തിൽ 11) ഇഷാൻ കിഷനെയും (12 പന്തിൽ 15) തുടക്കത്തിലേ നഷ്ടമായി. എന്നിട്ടും പവർപ്ലേയിൽ 62 റൺസ് നേടിയാണ് അവർ ബാറ്റിങ് തുടങ്ങിയത്. അഞ്ചാം ഓവറിൽ ക്രീസിലൊന്നിച്ച സൂര്യകുമാർ യാദവും (20 പന്തിൽ 33) കാമറൂൺ ഗ്രീനും മൂന്നാം വിക്കറ്റിൽ 38 പന്തുകളിൽ അടിച്ചുകൂട്ടിയത് 104 റൺസ്.

മുംബൈ ആരാധകർ കൂറ്റൻ സ്കോർ മോഹിച്ചു നിൽക്കുമ്പോൾ 11–ാം ഓവറിൽ ഇരുവരെയും പുറത്താക്കി അഫ്ഗാൻ താരം നവീൻ ഉൽ ഹഖ് കളി തിരിച്ചു. ഇംപാക്ട് പ്ലെയറായി നേഹൽ വധേരയെ ഇറക്കിയ നീക്കമാണ് മുംബൈയുടെ ടീം സ്കോർ 182ൽ എത്തിച്ചത്. 12 പന്തിൽ 23 റൺസ് നേടിയ വധേര, യഷ് ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും 2 ഫോറും നേടി. 38 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത നവീൻ ഉൽ ഹഖാണ് ലക്നൗ ബോളിങ്ങിൽ തിളങ്ങിയത്.

183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നൽകാതെയായിരുന്നു മുംബൈ ബോളർമാരുടെ തേരോട്ടം. രണ്ടാം ഓവറിൽ ഓപ്പണർ പ്രേരക് മങ്കാദിന്റെ (3) വിക്കറ്റെടുത്ത മധ്‌വാൾ പത്താം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ആയുഷ് ബദോനി (1), നിക്കൊളാസ് പുരാൻ (0) എന്നിവരെക്കൂടി പുറത്താക്കി വീണ്ടും പ്രഹരിച്ചു. മാർകസ് സ്റ്റോയ്നിസ് (27 പന്തിൽ 40) പിന്നാലെ റണ്ണൗട്ടാകുകയും ചെയ്തതോടെ ലക്നൗവിന് അടിതെറ്റി. വെറും 32 റൺസിനിടെയാണ് അവസാന 8 വിക്കറ്റുകൾ ലക്നൗവിന് നഷ്ടമായത്.

Post a Comment

Previous Post Next Post