ഭർത്താവിനും കുഞ്ഞിനും മുന്നിൽ വച്ച് കാമുകനൊപ്പം പോയി യുവതി

(www.kl14onlinenews.com)
(25-May-2023)

ഭർത്താവിനും കുഞ്ഞിനും മുന്നിൽ വച്ച് കാമുകനൊപ്പം പോയി യുവതി
കൊച്ചി :
സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും ഏഴുവയസ്സുകാരി മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതായി പരാതി. കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിൽ പൂവൻതുരുത്ത് കരയിൽ വർക്കി വർഗീസ് മകൻ ജെറിൻ വർഗീസ് ആണ് പരാതി നൽകിയിരിക്കുന്നത്. ഭാര്യ ജോലി സംബന്ധമായി സൗദിയിലായിരുന്നു എന്നും അവിടെ നിന്ന് തിരിച്ചു വന്ന് എയർപോർട്ടിൽ നിന്നുതന്നെ കാമുകനൊപ്പം പോകുകയായിരുന്നു എന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

2015 ലായിരുന്നു ജെറിനും യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത് . നിലവിൽ ഇവർക്ക് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്. ജോലിസംബന്ധമായ വിഷയങ്ങളാൽ ഭാര്യ വിദേശത്ത് പോയപ്പോൾ മകൾ തൻ്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നതെന്ന് ജെറിൻ പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഭാര്യ തന്നോടും കുട്ടിയോടും അകൽച്ച പാലിക്കുകയായിരുന്നു എന്നും ജെറിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇക്കഴിഞ്ഞ മെയ് 26ന് ഭാര്യ നാട്ടിൽ അവധിക്ക് വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ 26നല്ല 23ന് ഭാര്യ നാട്ടിൽ എത്തുമെന്ന രഹസ്യ വിവരം ജെറിന് ലഭിക്കുകയായിരുന്നു. ഈ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയുമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി. അന്ന് വൈകുന്നേരം 6 30ന് ഉള്ള സൗദി എയർവെയ്സിൽ യുവതി നാട്ടിലെത്തി. തുടർന്ന് ആഷി ആൻറണി കുരിശിങ്കൽ എന്ന വ്യക്തിയോടൊപ്പം കാറിൽ കയറി പോകുവാൻ യുവതി തയ്യാറാകുകയായിരുന്നു എന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. തൻ്റെ ഭാര്യയുടെ രഹസ്യ കാമുകനാണ് ഈ വ്യക്തി എന്നും ജെറിൻ പറയുന്നു. ഇത് ചോദ്യം ചെയ്ത തന്നെ അസഭ്യം പറയുകയും മകളുടെ മുന്നിൽ വച്ച് മർദ്ദിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പരാതിയിൽ പറയുന്നുണ്ട്. യുവാവ് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

കുട്ടിയെ കണ്ടിട്ട് പോലും ഭാര്യക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ലെന്നും തനിക്ക് കുട്ടിയെ വേണ്ടെന്നും നിങ്ങൾ എടുത്താൽ മതിയെന്നും ആക്രോശിക്കുകയായിരുന്നു എന്നും ജെറിൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടർന്ന് ഇരുവരും കാറിൽ കയറി പോകുകയായിരുന്നു. പരാതിയോടൊപ്പം തന്നെ വന്ന എയർപോർട്ടിൽ സംഭവിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ജെറിൻ പോലീസിന് കൈമാറിയിട്ടുണ്ട്.

ദൃശ്യങ്ങളിൽ എയർപോർട്ടിനുള്ളിൽ നിന്നിറങ്ങുന്ന യുവതി മറ്റൊരു വ്യക്തിക്കൊപ്പം കാറിൽ കയറാൻ പോകുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ സമയത്ത് ജെറിൻ ഇവരെ തടഞ്ഞ് സംസാരിക്കുന്നുണ്ട്. ജെറിനെ തടയാൻ ശ്രമിക്കുന്ന യുവതിയുടെ കൂടെയുള്ള വ്യക്തിയോട് നിയാരാടാ എന്ന് ജെറിൻ ചോദിക്കുമ്പോൾ യുവതി തിരിച്ച് ജെറിനോട് നീയാരാടാ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. `ഞാൻ നിൻ്റെ ഭർത്താവാടി´ എന്നു പറയുമ്പോൾ ഒരു ഭർത്താവുമല്ല നീ എന്ന മറുപടിയാണ് യുവതി പറയുന്നത്. കുട്ടിയെ ചൂണ്ടിക്കാണിക്കുമ്പോൾ `കൊച്ചിനെ നീയല്ലേ വളർത്തുന്നത്, നീ ഇനിയും വളർത്തിക്കോ´ എന്ന് പറഞ്ഞ ശേഷം യുവതി കൂടെയുള്ള യുവാവിനൊപ്പം കാറിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

ഏഴ് വയസ്സുള്ള മകളെപ്പോലും ഓർക്കാതെ ഈ സമീപനം സ്വീകരിക്കുകയും കുട്ടിക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് കാമുകനൊപ്പം പോയ യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഭർത്താവ് ആവശ്യപ്പെടുന്നത്. സംഭവം നടന്നതിനു പിന്നാലെ മാനസിക സംഘർഷത്തിലായ ജെറിന് സഹായവുമായി എത്തിയത് മെൻസ് റൈറ്റ് ഫൗണ്ടേഷനായിരുന്നു. സംഘടനയുടെ പിന്തുണയോടെയാണ് ജെറിൻ നെടുമ്പാശ്ശേരി എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിരിക്കുന്നതും.

Post a Comment

Previous Post Next Post