'മുസ്ലിം സംവരണ പരാമർശം'; അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി

(www.kl14onlinenews.com)
(09-May-2023) '

മുസ്ലിം സംവരണ പരാമർശം'; അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് സുപ്രീംകോടതി. കർണാടകയിലെ മുസ്ലിങ്ങള്‍ക്കുള്ള നാലുശതമാനം സംവരണം റദ്ദാക്കിയ നടപടിയെ അനുകൂലിച്ചുള്ള പരാമർശത്തിലാണ് വിമർശനം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു പ്രസ്താവന.
പൊതുപ്രവർത്തകർ പ്രസംഗങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതിയുടെ പരിധിയിലിരിക്കുന്ന വിഷയത്തിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകനായ ദുഷ്യൻ ദാവെ ചൂണ്ടിക്കാട്ടി. സംവരണം റദ്ദാക്കിയത് ചോദ്യം ചെയ്ത അഭിഭാഷകനാണ് ദുഷ്യൻ ദാവെ. പിന്നാലെ വിഷയം കേട്ട ജസ്റ്റിസ് നാഗരത്‌ന ഇത്തരം പ്രസ്താവനകൾ ഉചിതമല്ലെന്നും കോടതി നടപടികളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. കർണാടകയിൽ മുസ്ലിം സംവരണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് നിരന്തരം പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് അമിത്ഷാ. എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അഭിഭാഷകൻ ചോദിച്ചു.
1971-ൽ കോടതി പരിഗണിച്ചിരുന്ന വിഷയത്തിൽ വാർത്താസമ്മേളനം നടത്തി പ്രതികരിച്ച ബംഗാൾ മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച കാര്യം ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിലപാട് മാത്രമാണ് അമിത് ഷാ പ്രകടിപ്പിച്ചത് എന്നായിരുന്നു സോളിസിസ്റ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം.
കഴിഞ്ഞ മാസമാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് മുസ്ലീങ്ങൾക്ക് നൽകിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയത്. വീരശൈവ-ലിംഗായത്തുകൾക്കും വൊക്കലിഗ സമുദായങ്ങൾക്കും രണ്ടു ശതമാനം വീതം സംവരണം നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post