താനൂർ അപകടം: ബോട്ടില്‍ കയറിയത് പ്രതിയെ തേടി, സബറുദ്ദീന്‍ മരിച്ചത് ഡ്യൂട്ടിക്കിടെ

(www.kl14onlinenews.com)
(09-May-2023)

താനൂർ അപകടം:
ബോട്ടില്‍ കയറിയത് പ്രതിയെ തേടി, സബറുദ്ദീന്‍ മരിച്ചത് ഡ്യൂട്ടിക്കിടെ

താനൂരില്‍ ബോട്ടപകടത്തില്‍ (Tanur Boat Accident) മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സബറുദ്ദീന്‍ (CPO Sabarudheen) ഡ്യൂട്ടിക്കിടയിലാണ് അപകടത്തില്‍പെട്ടതെന്ന് സ്ഥിരീകരണം. തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ സിവില്‍ പോലീസ് ഓഫിസറായിരുന്നു പരപ്പനങ്ങാടി ചെറമംഗലം മീനേടം സ്വദേശി സബറുദ്ദീന്‍.

ഒരു കേസിലെ പ്രതിയെ തേടിയാണ് ഇദ്ദേഹം തൂവല്‍ത്തീരത്ത് എത്തിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തൂവല്‍ത്തീരത്തായിരുന്നു. ഇവിടെയെത്തിയ സബറുദ്ദീന്‍ ബോട്ടില്‍ ആളുകള്‍ കയറുന്നത് കണ്ട് പ്രതി ബോട്ടിലുണ്ടായിരിക്കാമെന്ന സംശയത്തില്‍ ബോട്ടിനകത്ത് കയറുകയായിരുന്നു. മുകളില്‍ പരിശോധന നടത്തി അടിഭാഗത്തേക്ക് ഇറങ്ങുന്നതിനിടെയിലായിരുന്നു ബോട്ട് ചെരിഞ്ഞത്.

ഗ്ലാസിട്ട ഭാഗം നീക്കാനാവാതെ താഴ് ഭാഗത്തുള്ളവരെല്ലാം രക്ഷപ്പെടാനാവാതെ മുങ്ങിത്താഴുകയായിരുന്നു. ഇക്കൂട്ടത്തിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥനും അകപ്പെട്ടത്. മഫ്തിയിലായിരുന്നു അദ്ദേഹം പരിശോധനക്ക് എത്തിയത്. കൈക്കുഞ്ഞുള്‍പ്പെടെ ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ഭാര്യ: മുനീറ. മാതാവ്: എം.പി. ജമീല. മക്കള്‍: ഫഹ്‌മിന്‍ അബു, ആയിഷ ദുആ, ദിവ മെഹക്.

Post a Comment

Previous Post Next Post