സിഐയുടെ വാഹനം യുവാവിനെ ഇടിച്ചിട്ടിട്ടും കേസില്ല; എല്ല് ഒടിഞ്ഞില്ലെന്ന് ന്യായീകരണവും

(www.kl14onlinenews.com)
(22-May-2023)

സിഐയുടെ വാഹനം യുവാവിനെ ഇടിച്ചിട്ടിട്ടും കേസില്ല; എല്ല് ഒടിഞ്ഞില്ലെന്ന് ന്യായീകരണവും
കൊച്ചി ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചശേഷം കടവന്ത്ര ഇന്‍സ്പെക്ടര്‍ കടന്നുകളഞ്ഞ കേസില്‍ ഒളിച്ചുകളി അവസാനിപ്പിക്കാതെ പൊലീസ്. മാധ്യമവാര്‍ത്തയ്ക്ക് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതി അജ്ഞാതന്‍. വാഹന നമ്പര്‍മാത്രമാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ടിന് രാത്രി ഒന്‍പതരയോടെയാണ് കടവന്ത്ര ഇന്‍സ്പെക്ടറും, വനിതാ ഡോക്ടറും സഞ്ചരിച്ച കാര്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. വാഹനം നിര്‍ത്താതെ പോയ കേസില്‍ പൊലീസിന്റെ ഒത്തുകളി മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. വൈകീട്ടോടെ രണ്ട് പൊലീസുകാര്‍ യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. അതിനുശേഷമാണ് അപകടമുണ്ടാക്കിയ കാറിന്റെ നമ്പര്‍മാത്രംവച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അപകടരമായി വാഹനമോടിച്ചതിനും, പരുക്കേല്‍പിച്ചതിനുമുള്ള വകുപ്പുകളാണ് ഇട്ടിരിക്കുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തെന്നാണ് പൊലീസ് വാദം.

അപകടമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുത്തിരുന്നില്ല. പരുക്കേറ്റ യുവാവിന്റെ അസ്ഥിക്ക് പൊട്ടലില്ലെന്നും അതുകൊണ്ട് കേസെടുത്തില്ലെന്നുമായിരുന്നു തോപ്പുംപടി പൊലീസിന്റെ വിചിത്രവാദം. ഹാര്‍ബര്‍ പാലത്തില്‍ അപകടമുണ്ടാക്കിയശേഷം രണ്ടുകിലോമീറ്ററകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ ഇന്‍സ്പെക്ടറാണ് വാഹനത്തിലെന്നറിഞ്ഞതോടെ സ്ഥലംവിട്ടു. തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചത്

Post a Comment

Previous Post Next Post