ദുരന്തമുഖത്ത് സേവനസന്നദ്ധരായി ജില്ലയിൽ 300 ആപതാമിത്രകൾ

(www.kl14onlinenews.com)
(22-May-2023)

ദുരന്തമുഖത്ത് സേവനസന്നദ്ധരായി ജില്ലയിൽ 300 ആപതാമിത്രകൾ
കാസർകോട് : ഏതൊരു ദുരന്തമുഖത്തും ആദ്യം കൈത്താങ്ങാവാനും രക്ഷാപ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും ഇനി ആപതാമിത്രയുണ്ടാവും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആപതാമിത്ര പദ്ധതിയിലൂടെ അഗ്നിരക്ഷാസേനയ്ക്കു കീഴിൽ പരിശീലനം പൂർത്തിയാക്കിയ ജില്ലയിലെ 300 ആപതാമിത്രകൾ ഇനി ദുരന്തവേളകളിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ സാന്നിധ്യമായി മാറും. സംസ്ഥാനത്തെ 4300 ആപതാമിത്ര വൊളന്റിയർമാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു.

അഗ്നിരക്ഷാസേനയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ നൈപുണ്യവും കഴിവും പൊതുസമൂഹത്തിനു പകർന്നു നൽകിയാൽ ദുരന്തഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അതു വലിയ മുതൽക്കൂട്ടാവുമെന്നും അതുകൊണ്ടാണ് ആപതാമിത്രയുടെ പരിശീലനം അഗ്നിരക്ഷാസേനയെ ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെ നേരിടാനുള്ള സജ്ജീകരണം പൂർത്തിയാക്കേണ്ടതാണെന്നും എങ്കിൽ മാത്രമേ പ്രതിസന്ധികളിൽ തളർന്നു പോകാതെ നവകേരളം എന്ന ലക്ഷ്യത്തിലെത്താനാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ 5 ഫയർ സ്റ്റേഷനുകൾക്കു കീഴിലായി തിരഞ്ഞെടുത്ത ആപതാമിത്ര വൊളന്റിയർമാർക്ക് 12 ദിവസത്തെ പരിശീലനമാണു നൽകിയത്. 18നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് വൊളന്റിയർ സംഘത്തിൽ ഉൾപ്പെടുത്തുന്നത്.

ജില്ലയിലെ 300 വൊളന്റിയർമാരിൽ അറുപതിലധികം വനിതകളാണ്. കൂടുതൽ വൊളന്റിയർമാരുള്ളത് തൃക്കരിപ്പൂർ സ്റ്റേഷനു കീഴിലാണ്. അസിസ്റ്റന്റ് കലക്ടർ മിഥുൻ പ്രേം രാജ്, എഡിഎം(ഇൻ ചാർജ്) നവീൻ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, അഗ്നിരക്ഷാസേനാ ഉപ്പള സ്‌റ്റേഷൻ ഓഫിസർ പി.വി.പ്രഭാകരൻ, കാസർകോട് സ്‌റ്റേഷൻ ഓഫിസർ കെ.അനിൽ കുമാർ, കുറ്റിക്കോൽ സ്റ്റേഷൻ ഓഫിസർ ഷാജി ജോസഫ്, ഹസാർഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ്, അഗ്നിരക്ഷാസേനാ വിഭാഗം ജില്ലാ ഓഫിസർ ബി.രാജ്, തൃക്കരിപ്പൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post