മാലിന്യമുക്തമാകാൻ ഉറച്ച് മംഗൽപാടി ടി

(www.kl14onlinenews.com)
(22-May-2023)

മാലിന്യമുക്തമാകാൻ ഉറച്ച് മംഗൽപാടി
മംഗൽപാടി: വീടുകളിലെയും പാർപ്പിട സമുച്ചയങ്ങളിലെയും ഉറവിട മാലിന്യ സംസ്കരണം (ഭക്ഷണം,പച്ചക്കറി, മാംസം തുടങ്ങിയവ) പുഴുവോ ദുർഗന്ധമോ ഇല്ലാതെ വീടുകളിൽ സംസ്കരിക്കുന്ന മാതൃക ബയോബിൻ പദ്ധതിയുമായി മംഗൽപാടി പഞ്ചായത്ത്. ഇതിന്റെ മുന്നോടിയായി ഉപ്പള ടൗണിൽ ബയോബിൻ മാതൃക പ്രദർശനം നടത്തി. ജില്ലയിൽ കൂടുതൽ പാർപ്പിട സമുച്ചയങ്ങൾ ഉള്ള പഞ്ചായത്ത് ആണ് മംഗൽപാടി. മുഴുവൻ ഫ്ലാറ്റുകളിലേക്കു ഇത് ഉപയോഗിക്കുന്ന രീതിയിലേക്ക് കൊണ്ട് വരുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രദർശനം നടത്തിയത്. സമ്പൂർണമായി ഈ പദ്ധതി പൂർത്തീകരിച്ചാൽ റോഡരികിൽ വലിച്ചെറിയുന്ന മാലിന്യ പ്രശ്നത്തിൽ ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.

ഈ പദ്ധതി എല്ലാവരും ഏറ്റെടുക്കണമെന്നും ക്ലീൻ മംഗൽപാടി ആൻഡ് ഗ്രീൻ മംഗൽപാടി എന്ന ക്യാംപെയ്നിൽ എല്ലാവരും പങ്കാളിയാകണമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത എ.കെ.എം.അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റഹ്മാൻ ഗോൾഡൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഖൈറുന്നിസ ഉമ്മർ, ഇർഫാന ഇക്ബാൽ, അംഗങ്ങളായ ബീവി ഒളയം, മഹ്മൂദ് ,ഗുൽസാർ, സുധാഗണേഷ് ,രേവതി ,റഫീഖ്, ആസൂത്രണ സമിതി ചെയർമാൻ ഷാഹുൽ ഹമീദ്, അസീസ് മരിക്കെ ,സൈഫുല്ല തങ്ങൾ ,അബ്ദുല്ല മാദെരി ,ഉമ്മർ അപ്പോളോ, ഹരിത കർമ സേന കോഓർഡിനേറ്റർ സഫ്‌വാന ,സതീഷ് , സൂരജ്, മജീദ് പച്ചമ്പളം, ടി.എം.ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

540 പേർക്ക് നോട്ടിസ് 26 പേർക്ക് 10,000 രൂപ പിഴ

ദുരന്ത നിവാരണ നിയമപ്രകാരം കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ മംഗൽപാടി പഞ്ചായത്ത് നടപടികൾ സ്വീകരിച്ചു തുടങ്ങി. ഉപ്പള ടൗണിലും പരിസര പ്രദേശങ്ങളിലുമായി കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്യുകയും പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ഈ മാസം 8 മുതൽ തത്സമയം പഞ്ചായത്തിലും, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും ലഭിച്ചുതുടങ്ങി. ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത വീടുകൾ, ഫ്ലാറ്റുകളിലെ താമസക്കാർ എന്നിവർ ഉൾപ്പെടെ 540 പേർക്ക് നിയമപ്രകാരം നോട്ടിസ് നൽകി. ഇതിന്റെ തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. കൂട്ടി ഇട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത ഭാഗത്ത് വീണ്ടും മാലിന്യം വലിച്ചെറിയുന്ന സാഹചര്യമുണ്ട്. വലിച്ചെറിഞ്ഞ മാലിന്യത്തിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം 26 പേർക്ക് 10,000 രൂപവീതം പിഴ ചുമത്തി നോട്ടിസ് നൽകി.

7 ക്യാമറകൾ, ഇനി മാലിന്യം എറിഞ്ഞാൽ..!

ഉപ്പള∙മാലിന്യം തള്ളുന്നതിനെതിരെ ഒട്ടേറെ തവണ മുന്നറിയിപ്പ് നൽകി, രക്ഷയില്ല. ആരോഗ്യ പ്രവർത്തകർ കാവൽ നിന്നു തള്ളുന്ന ചിലരെ പിടികൂടി പിഴ ഈടാക്കി, എന്നിട്ടും കുറഞ്ഞില്ല. ഒടുവിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി ഏഴിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. മംഗൽപാടി പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ബന്തിയോട്, കൈക്കമ്പ, ഹനഫി ബസാർ, മജാൽ റോഡ്, ഉപ്പള ടൗൺ, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം തള്ളുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. എന്നാൽ ക്യാമറ സ്ഥാപിക്കാത്ത പഞ്ചായത്തിന്റെ മറ്റിടങ്ങളിൽ മാലിന്യം തള്ളുന്നതിനു കുറവില്ല. കർമസേന പ്ലാസ്റ്റിക് മാലിന്യം വീടുകളിൽ നിന്നു ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശുചിത്വ മിഷനും പഞ്ചായത്തും ചേർന്ന് വീടുകളിലേക്കും, ഫ്ലാറ്റുകൾക്കും മാലിന്യ സംസ്കരണത്തിനായി ബയോമെട്രിക് ടാങ്കുകൾ വിതരണം ചെയ്തിരുന്നു.

അടുത്ത യോഗം ജൂൺ 8ന്

മാലിന്യപ്രശ്നം രൂക്ഷമായിരുന്ന മംഗൽപാടിയിലെ മാലിന്യ നിർമാർജനത്തിന്റെ പുരോഗതി വിലയിരുത്താൻ അടുത്തമാസം 8ന് വീണ്ടും യോഗം ചേരും. മേയ് 8ന് ചേർന്ന യോഗത്തിൽ മാലിന്യ നീക്കത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു. കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെ ഒരു വാർഡിൽ രണ്ട് വീതം ഹരിതകർമ സേനാംഗങ്ങളെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നിശ്ചയിക്കാനും സേനാംഗങ്ങൾ ലഭ്യമല്ലെങ്കിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്താനും യോഗം നിർദേശിച്ചിരുന്നു. കുബന്നൂർ പ്ലാന്റിൽ മാസങ്ങളായി കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചത്. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും പുരോഗതികളും യോഗത്തിൽ വിലയിരുത്തും.

Post a Comment

Previous Post Next Post