ലീഡുനിലയിൽ മാന്ത്രിക സംഖ്യ മറികടന്ന് കോൺഗ്രസ്; ആഘോഷമാക്കി പ്രവർത്തകർ

(www.kl14onlinenews.com)
(13-May-2023)

ലീഡുനിലയിൽ മാന്ത്രിക സംഖ്യ മറികടന്ന് കോൺഗ്രസ്; ആഘോഷമാക്കി പ്രവർത്തകർ
ബെംഗളൂരു: ലീഡ് കേവല ഭൂരിപക്ഷത്തിന് മുകളില്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങി. കോണ്‍ഗ്രസ് പതാക ഉയര്‍ത്തി തെരുവില്‍ പ്രവര്‍ത്തകര്‍ ആഘോഷം പങ്കിടുകയാണ്. ഡല്‍ഹി എഐസിസി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം ആരംഭിച്ച് കഴിഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് 'അജയ്യന്‍' എന്ന് കോണ്‍ഗ്രസ് പങ്കുവെച്ചു.

'ഞാന്‍ അജയ്യനാണ്. ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാവില്ല' എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരോട് ബെംഗളൂരുവിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനം ലഭിച്ച കണക്ക് പ്രകാരം കോണ്‍ഗ്രസ് 118, ബിജെപി 73, ജെഡിഎസ് 30, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് കണക്ക്.

ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കം തടയുകയെന്ന ഉദ്ദേശത്തില്‍ കൂടിയാണ് എംഎല്‍എമാരോട് ബെംഗളൂരുവിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.

അതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ' ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താന്‍ എന്തും ചെയ്യും. കര്‍ണാടക ആഗ്രഹിക്കുന്നത് പോലെ എന്റെ അച്ഛന്‍ മുഖ്യമന്ത്രിയാവും.' എന്നായിരുന്നു യതീന്ദ്രയുടെ പ്രതികരണം.224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍. 36 കൗണ്ടിങ് സ്റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍.

Post a Comment

Previous Post Next Post