(www.kl14onlinenews.com)
(30-May-2023)
അഹമ്മദാബാദ്: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം. 15–ാം ഓവറിലെ അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമെന്നിരിക്കെ, രവീന്ദ്ര ജഡേജ ബൗണ്ടറി കടത്തിയാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.
ടൈറ്റൻസിനെതിരായ വിജയം അഞ്ച് വിക്കറ്റുകൾക്ക്. ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎൽ കിരീടങ്ങളിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് മൂന്നാം പന്തു നേരിട്ടതിനു പിന്നാലെയാണു മഴയെത്തിയത്. രണ്ട് മണിക്കൂറിനും 20 മിനിറ്റിനും ശേഷമാണു വീണ്ടും കളി തുടങ്ങിയത്. മഴ നിയമപ്രകാരം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റണ്‍സ്. മികച്ച തുടക്കമാണ് ഓപ്പണർമാർ ചെന്നൈയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോൺവെയും ചേർന്ന്പടുത്തുയര്‍ത്തി. 16 പന്തുകളിൽനിന്ന് 26 റൺസെടുത്ത ഗെയ്ക്‌വാദ് നൂർ അഹമ്മദിന്റെ പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്താണു പുറത്തായത്. തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ പുറത്താക്കി നൂർ അഹമ്മദ് വിക്കറ്റ് നേട്ടം രണ്ടാക്കി. 9.1 ഓവറിലാണ് ചെന്നൈ 100 കടന്നത്.
സ്കോർ 117ല്‍ നിൽക്കെ അജിൻക്യ രഹാനെയെ (13 പന്തിൽ 27) മോഹിത് ശർമ മടക്കി. മോഹിത്ത് എറിഞ്ഞ 13–ാം ഓവറിൽ അംബാട്ടി റായുഡുവും (എട്ട് പന്തിൽ 19), ക്യാപ്റ്റൻ എം.എസ്. ധോണിയും പുറത്തായതോടെ ചെന്നൈ സമ്മർദത്തിലായി. അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു. ആദ്യ പന്ത് ഡോട്ട് ബോളായെങ്കിലും, പിന്നീടുള്ള മൂന്നു പന്തുകളിൽ ഓരോ റണ്‍സ് വീതം ചെന്നൈ നേടി. അഞ്ചാം പന്ത് സിക്സർ പറത്തിയതോടെ ചെന്നൈ ഡഗ്ഔട്ട് ഉണർന്നു. മോഹിത് ശർമയുടെ ലോ ഫുൾ ടോസ് ബൗണ്ടറി കടത്തി ജഡേജ ചെന്നൈയുടെ വിജയമുറപ്പിച്ചു.
إرسال تعليق