എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നും വാഹന സൗകര്യവും തുടരും

(www.kl14onlinenews.com)
(30-May-2023)

എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നും വാഹന സൗകര്യവും തുടരും

കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ദുരിതബാധിതർക്കു സൗജന്യമായി നൽകുന്ന മരുന്നു വിതരണവും വാഹന സൗകര്യവും തുടർന്നും ഉറപ്പു വരുത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹൊസ്ദുർഗ് താലൂക്ക് അദാലത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ എന്നിവരാണു ദുരിതബാധിതരുടെ സങ്കടം പരാതിയായി മന്ത്രിക്കു മുന്‍പിലെത്തിച്ചത്. ഉടൻ തന്നെ ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ അദ്ദേഹം നടത്തുകയായിരുന്നു. രോഗികൾക്കുള്ള മരുന്നു വിതരണം മുടങ്ങരുതെന്നും രോഗികൾക്കു ചികിത്സയ്ക്കായി ആശുപത്രികളിലേക്കു പോകാനുള്ള വാഹനം വിട്ടു നൽകണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫിസർക്കു നിർദേശം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസിനോടു നിർദേശിച്ചു.

മെഡിക്കൽ ക്യാംപിനുള്ള സ്ഥലം ഉടൻ തീരുമാനിക്കാനും മെഡിക്കൽ ക്യാംപിന് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് മന്ത്രി വീണാ ജോർജുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ നടന്ന അദാലത്തിൽ ദുരിതബാധിതരുടെ മരുന്നു വിതരണവും വാഹന സൗകര്യവും മുടക്കരുതെന്നു മന്ത്രി നിർദേശം നൽകിയത്. ദേശീയാരോഗ്യ ദൗത്യം വഴിയാണു നേരത്തെ മരുന്നും വാഹന സൗകര്യവും ദുരിതബാധിതർക്കു നൽകിയിരുന്നത്. എന്നാൽ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നു വിതരണവും വാഹന സൗകര്യവും നിലയ്ക്കുകയായിരുന്നു.

കവിത കേട്ട മന്ത്രി ആര്‍ജവിനെ ആശ്ലേഷിച്ച് സ്നേഹ ചുംബനവും നല്‍കി.

അദാലത്ത് വേദിയിലേക്ക് കടക്കുമ്പോൾ ആദ്യം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയാണ് ആര്‍ജവ് കണ്ടത്. മന്ത്രിയെ കണ്ട ഉടനെ ആർജവ് തന്റെ സ്കൂളിലേക്കുള്ള റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി. റോഡിന്റെ ദുരവസ്ഥയാൽ സൈക്കിള്‍ ഓടിച്ചു യാത്ര ചെയ്യാൻ കഴിയുന്നില്ല. പരാതി കേട്ട മന്ത്രി ആർജവിന്റെ അപേക്ഷ ആർജവം ഉള്ളതാണെന്നും വിഷയത്തിൽ വേഗത്തിൽ തന്നെ തുടർ നടപടികൾ കൈ കൊള്ളാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കാഞ്ഞങ്ങാട് നഗരസഭയിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഉറപ്പും നൽകി. കോഴിക്കോട് വടകരയിൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന എ.മോഹൻദാസിന്റെയും കെ.പി.ചിത്രയുടെ രണ്ടു മക്കളിൽ ഇളയവന്‍ ആണ് ആർജവ്. ഇവരുടെ രണ്ടു മക്കളും ഭിന്നശേഷിക്കാരാണ്.

രണ്ടു മക്കളെയും ഒറ്റയ്ക്ക് ശ്രദ്ധിക്കാൻ അമ്മയ്ക്ക് മാത്രമായി സാധിക്കുന്നില്ല. ഇതിനാല്‍ മോഹന്‍ദാസിന് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു മാറ്റം നൽകണമെന്ന അപേക്ഷയുമായാണ് ഇവർ അദാലത്തിലെത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. കൂടാതെ ഈ കുടുംബത്തിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കും മാറ്റി നൽകി.

Post a Comment

أحدث أقدم