'വധ ഭീഷണി, കൊറിയര്‍ വഴി പന്നിയിറച്ചി അയച്ചു'; മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ 16 പേര്‍ക്കെതിരെ കേസ്

(www.kl14onlinenews.com)
(06-May-2023)

'വധ ഭീഷണി, കൊറിയര്‍ വഴി പന്നിയിറച്ചി അയച്ചു'; മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ 16 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: വധ ഭീഷണി ഉയര്‍ത്തിയെന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ഡി ജെ ഹള്ളി പൊലീസ് ഏപ്രില്‍ 17 നാണ് കേസെടുത്തത്. എന്നാല്‍ സുബൈര്‍ വ്യാഴാഴ്ച്ച ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവന്നത്. വധഭീഷണി, കൊറിയറിലൂടെ പന്നിയിറച്ചി അയച്ചു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സുബൈര്‍ പൊലീസില്‍ പരാതി നല്‍കിയത്.

'തനിക്കെതിരെ വധഭീഷണി മുഴക്കുകയും ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത 16 പേര്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു' എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്. സുബൈറിന്റെ മേല്‍വിലാസം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികള്‍ വധഭീഷണിക്ക് ആഹ്വാനം ചെയ്തത്. റംസാന്‍ ആഘോഷങ്ങള്‍ക്കിടെ 'സൈബര്‍ ഹണ്ട്‌സ്' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഉടമയാണ് പന്നിയിറച്ചി കൊറിയറില്‍ അയച്ചതെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 505, 153എ, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ തന്റെ മേല്‍വിലാസം പ്രചരിപ്പിച്ചു, തനിക്കെതിരെ വ്യാജ പ്രചാരണങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചു, മുസ്ലിം സ്വത്വം ലക്ഷ്യമാക്കി ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്തു എന്നീ കാര്യങ്ങളും സുബൈര്‍ പരാതിയില്‍ ഉയര്‍ത്തിയിരുന്നു.

Post a Comment

Previous Post Next Post