'പ്രധാനമന്ത്രി പദത്തിലിരുന്ന് പച്ചനുണകൾ പറയരുത്'; മോദി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് എ എ റഹീം

(www.kl14onlinenews.com)
(06-May-2023)

'പ്രധാനമന്ത്രി പദത്തിലിരുന്ന് പച്ചനുണകൾ പറയരുത്'; മോദി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് എ എ റഹീം
തിരുവനന്തപുരം: ദി കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് എ എ റഹീം എംപി. വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നൽകുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതിൽനിന്ന് വ്യക്തമാകുന്നു. വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്നു പറയരുതെന്നും എഎ റഹീം പറഞ്ഞു.
സൊമാലിയയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി ഇപ്പോൾ മറ്റൊരു തലത്തിൽ കേരളത്തെ അപമാനിക്കുന്നവർക്ക് കൂട്ടുനിൽക്കുകയാണ്. കേരളത്തിന്റെ യഥാർത്ഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. എന്നിട്ടും ഒരു വിദ്വേഷ സിനിമയെ മുൻ നിർത്തി ഈ അഭിമാനകരമായ കേരളത്തെ അപമാനിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രസ്താവന പിൻവലിച്ചു പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണമെന്നും എഎ റഹീം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രസ്താവന. സിനിമയെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു.
'ഒരു സമൂഹത്തില്‍ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങള്‍ തുറന്നുകാട്ടാനാണ് ദ കേരള സ്റ്റോറി എന്ന സിനിമ ശ്രമിക്കുന്നത്. ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ നിരോധിക്കാനും വികസനത്തെ പൂര്‍ണമായും അവഗണിക്കാനും മാത്രമേ അവര്‍ക്ക് അറിയൂ. ഞാന്‍ 'ജയ് ബജരംഗ് ബലി' എന്ന് വിളിക്കുന്നത് പോലും അവര്‍ക്ക് പ്രശ്‌നമാണ്', മോദി പറഞ്ഞു.

Post a Comment

Previous Post Next Post