അയോഗ്യനാക്കപ്പെട്ടിടത്ത് നിന്ന് പോരാട്ടം തുടങ്ങാന്‍ രാഹുല്‍; 'സത്യമേവ ജയതേ' പരിപാടി ഏപ്രില്‍ 9 ന്

(www.kl14onlinenews.com)
(01-April-2023)

അയോഗ്യനാക്കപ്പെട്ടിടത്ത് നിന്ന് പോരാട്ടം തുടങ്ങാന്‍ രാഹുല്‍; 'സത്യമേവ ജയതേ' പരിപാടി ഏപ്രില്‍ 9 ന്
കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇതിന്റെ മുന്നോടിയായി ഏപ്രില്‍ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വ്യത്യസ്ത പരിപാടികള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഏപ്രില്‍ 5 ന് കോലാറില്‍ നടത്താനിരുന്ന 'സത്യമേവ ജയതേ' പരിപാടി ഏപ്രില്‍ 9 ലേക്ക് മാറ്റിവച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്നലെ അറിയിച്ചിരുന്നു. അന്നേ ദിവസം തന്നെയാണ് പ്രാധനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന 'പ്രോജക്റ്റ് ടൈഗര്‍' ന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്.

പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ലോക്സഭാംഗത്വം നഷ്ടമായത്. അതിനാല്‍ കോലാറില്‍ നിന്ന് തന്നെ ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടം ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണോ എന്ന് ചിന്തിക്കാന്‍ രാജ്യത്തെ സംഭവവികാസങ്ങള്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 10 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യഭാഗമാകും ഈ പരിപാടികള്‍.
'സത്യമേവ ജയതേ എന്ന വാചകം നാല് സിംഹങ്ങളുളള ദേശീയ ചിഹ്നത്തിന് താഴെയുള്ള മുദ്രാവാക്യമാണ്. അതിനാല്‍, പ്രോജക്റ്റ് ടൈഗറിനെതിരെ നാല് സിംഹങ്ങളുടെ ശക്തിക്ക് സമാനമായ സത്യത്തിന്റെ ശക്തി നമുക്ക് കാണാം,' ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോലാറില്‍ വച്ചാണ് ഗാന്ധി മോദി കുടുംബപ്പേര് പരാമര്‍ശം നടത്തിയത്. ഇതിന്റെ പേരിലെടുത്ത മാനനഷ്ടക്കേസിലാണ് ഗുജറാത്ത് പ്രാദേശിക കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിനെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കുകയായിരുന്നു.

Post a Comment

Previous Post Next Post