നികുതി വർധന; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ യുഡിഎഫ്

(www.kl14onlinenews.com)
(01-April-2023)

നികുതി വർധന; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ യുഡിഎഫ്
സംസ്ഥാന സർക്കാരിന്റെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്‌ജ്‌ ധരിക്കും. കരിങ്കൊടി ഉയർത്തിയും പന്തം കൊളുത്തിയും പ്രവർത്തകർ പ്രതിഷേധം അറിയിക്കുമെന്ന് കൺവീനർ ഹസൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വീട്ടുകരം, ഇന്ധനവില എന്നിവ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനം സമ്മാനിക്കുകയാണെന്ന് ഹസൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു.

ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധനവ് സമസ്‌ത മേഖലയിലും വില വര്‍ധനവിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നത്. അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന്‍ പറഞ്ഞു.

Post a Comment

Previous Post Next Post