ട്രെയിന്‍ തീവെപ്പ് കേസ്: കേരള പൊലീസിന്‍റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് വി.ഡി സതീശൻ

(www.kl14onlinenews.com)
(06-April-2023)

ട്രെയിന്‍ തീവെപ്പ് കേസ്: കേരള പൊലീസിന്‍റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവെപ്പ് കേസില്‍ കേരള പൊലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ കാര്യക്ഷമമായ പൊലീസ് ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ പ്രതിയെ അന്ന് തന്നെ പിടികൂടാമായിരുന്നു. അക്രമത്തില്‍ അങ്ങേയറ്റം ഉദാസീനമായാണ് പൊലീസ് പെരുമാറിയത്. എന്നിട്ടും പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ച രാത്രി 9.30നാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാരൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രെയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ ഒരു പൊലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പൊലീസ് അലര്‍ട്ട് പോലുമുണ്ടായില്ല. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷാരൂഖ് സെയ്ഫി യാത്ര തുടര്‍ന്നു. കാര്യക്ഷമായ പൊലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുമ്പ് പ്രതിയെ പിടികൂടാമായിരുന്നു. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അക്രമ സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അങ്ങേയറ്റം ഉദാസീനമായാണ് കേരള പൊലീസ് പെരുമാറിയത്. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ ചെയ്തികള്‍. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ബുധനാഴ്ച പുലര്‍ച്ചെ രത്‌നഗിരിയില്‍ പിടിയിലായ പ്രതിയെ അവിടെയെത്തി കോഴിക്കോട്ടേക്ക് കൊണ്ടുവന്നു എന്നത് മാത്രമാണ് കേരള പൊലീസ് ആകെ ചെയ്തത്. അതിനിടെ കണ്ണൂരില്‍ വച്ച് പ്രതിയുമായി വന്ന വാഹനം തകരാറിലായി ഒന്നര മണിക്കൂര്‍ റോഡില്‍ കിടന്നു. എത്ര ലാഘവത്തോടെയാണ് പൊലീസ് ഇക്കാര്യം കൈകാര്യം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. പ്രതിയെ പിടിച്ചത് കേരള പൊലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post