ട്രെയിൻ തീവയ്പ്പ്: ഷാറുഖ് സെയ്ഫിയെ ഏപ്രിൽ 28വരെ റിമാൻഡ് ചെയ്തു

(www.kl14onlinenews.com)
(07-April-2023)

ട്രെയിൻ തീവയ്പ്പ്: ഷാറുഖ് സെയ്ഫിയെ ഏപ്രിൽ 28വരെ റിമാൻഡ് ചെയ്തു
കോഴിക്കോട്:ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ (24) ഏപ്രിൽ 28വരെ റിമാൻഡ് ചെയ്തു. മുൻസിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി പ്രതിയെ കണ്ടിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെൽ മുറിയിലാണ് ഷാരുഖ് ഉള്ളത്. പ്രതിക്ക് ചികിത്സ ആവശ്യമുളളതിനാൽ ഇവിടെ ത്തന്നെ കിടത്താനാണ് നിലവിലെ തീരുമാനം. ശരീരത്തിലേറ്റ പരുക്കുകൾക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കമ്മിഷണർ രാജ്പാൽ മീണ, എസിപി കെ.സുദർശൻ എന്നിവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു.

നിലവിൽ മെഡിക്കൽ ബോർഡ് യോഗം നടക്കുകയാണ്. ഇതിനു ശേഷമേ ഷാറുഖിനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളു.

പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. പരിശോധനാഫലങ്ങള്‍ തൃപ്തികരമെന്ന് കണ്ടെത്തിയതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഷാറുഖിന്റെ ശരീരത്തിലെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കാഴ്ചശക്തിക്ക് പ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post