പൊലീസ് അരിച്ചു പെറുക്കുമ്പോഴും ഷാരൂഖ് സെയ്ഫി കണ്ണൂര്‍ സ്റ്റേഷനില്‍, ഒളിച്ചിരുന്നത് രണ്ടു മണിക്കൂര്‍

(www.kl14onlinenews.com)
(06-April-2023)

പൊലീസ് അരിച്ചു പെറുക്കുമ്പോഴും ഷാരൂഖ് സെയ്ഫി കണ്ണൂര്‍ സ്റ്റേഷനില്‍, ഒളിച്ചിരുന്നത് രണ്ടു മണിക്കൂര്‍
കണ്ണൂര്‍: എലത്തൂരില്‍ ട്രെയിന് തീവെച്ചശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒളിച്ചിരുന്നത് രണ്ടു മണിക്കൂര്‍. ട്രെയിനിലെ ആക്രമണം അറിഞ്ഞശേഷം കണ്ണൂര്‍ സ്റ്റേഷനില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുമ്പോഴായിരുന്നു പ്രതി രണ്ടു മണിക്കൂറോളം സ്‌റ്റേഷനില്‍ ഒളിച്ചത്. തുടര്‍ന്ന് ഇവിടെ നിന്നും മറ്റൊരു ട്രെയിനില്‍ രക്ഷപ്പെടുകയും ചെയ്തു.

തീവെച്ച ആലപ്പുഴ- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തന്നെയാണ് പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂരിലെത്തിയത്. രാത്രി 11.40 നാണ് ട്രെയിന്‍ കണ്ണൂരിലെത്തുന്നത്. തീയിട്ട രണ്ടു ബോഗികള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ കണ്ണൂരിലേക്കെത്തിയത്. സ്‌റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കര്‍ശന പരിശോധനയാണ് താനെത്തുമ്പോള്‍ നടന്നിരുന്നതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

പൊലീസ് പരിശോധന കണ്ട് താന്‍ ഒളിച്ചിരുന്നു. രാത്രി 1. 40 ന് സ്‌റ്റേഷനിലെത്തിയ മരുസാഗര്‍ എക്‌സ്പ്രസിലാണ് രക്ഷപ്പെട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ടിക്കറ്റെടുക്കാതെ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് യാത്ര ചെയ്തത്. മുഖം മറച്ചായിരുന്നു യാത്ര. മറ്റു യാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെടുത്ത ബാഗ് താന്‍ ഉപേക്ഷിച്ചിട്ട് പോയതല്ലെന്ന് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഡി1 കോച്ചിന്റെ വാതിലിനരികില്‍ വച്ച ബാഗ് കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ പുറത്തേക്കു വീണതാകാമെന്നാണ് ഷാറുഖിന്റെ മൊഴി. പുറത്തു തൂക്കിയിരുന്ന ബാഗ് അഴിച്ചു നിലത്തുവച്ചിട്ടാണ് ബാഗില്‍നിന്നും രണ്ടു കുപ്പി പെട്രോള്‍ പുറത്തെടുത്തത്.

തുടര്‍ന്ന് ബാഗ് അവിടെ വച്ച ശേഷം മുന്നോട്ടുനീങ്ങി യാത്രക്കാരുടെ മേല്‍ പെട്രോളൊഴിച്ചു. തീ പടര്‍ന്നതോടെ യാത്രക്കാര്‍ കോച്ചിനുള്ളില്‍ പരക്കം പാഞ്ഞു. ഈ സമയത്ത് ആരുടെയെങ്കിലും കാലുതട്ടി ബാഗ് പുറത്തേക്കു വീണതാകാമെന്നാണ് ഷാറുഖ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരോടു പറഞ്ഞത്. ബാഗിനുള്ളില്‍ നിന്നും കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ നിന്നാണ് ഷാറൂഖ് സെയ്ഫിയെ തിരിച്ചറിയുന്നത്.

Post a Comment

Previous Post Next Post