അപകീർത്തി കേസിലെ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും; രാഹുലിന് നിർണായകം

(www.kl14onlinenews.com)
(13-April-2023)

അപകീർത്തി കേസ്: എംപി സ്ഥാനം തിരികെ കിട്ടുമോ? രാഹുലിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്തിലെ അഡീഷനൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുലിന്റെ ആവശ്യം. സ്റ്റേ ലഭിച്ചാൽ രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.

നേരത്തെ, കേസിൽ സൂറത്ത് സെഷൻസ് കോടതി രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അപകീർത്തിക്കുറ്റമാകുന്ന പരാമർശങ്ങൾ നടത്താൻ പാടില്ലെന്നും അനുവദിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കാൻ പാടില്ലെന്നും ജഡ്ജി റോബിൻ പി.മൊഗേര ഉത്തരവിൽ നിർദേശിച്ചിരുന്നു. കിരിത് പൻവാലയാണ് രാഹുലിനു വേണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.

2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രാഹുലിന് 2 വർഷം വെറും തടവിനു ശിക്ഷിച്ചു. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ 15,000 രൂപയുടെ ജാമ്യത്തിൽ രാഹുലിന് ജാമ്യം നല്‍കുകയും 30 ദിവസത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി കൊടുത്തത്

Post a Comment

Previous Post Next Post