രാജ്യത്ത് സ്റ്റോർ ആരംഭിക്കാൻ ഉറപ്പിച്ച് ആപ്പിൾ; കമ്പനി സിഇഒ ഈ മാസം ഇന്ത്യയിൽ

(www.kl14onlinenews.com)
(06-April-2023)

രാജ്യത്ത് സ്റ്റോർ ആരംഭിക്കാൻ ഉറപ്പിച്ച് ആപ്പിൾ; കമ്പനി സിഇഒ ഈ മാസം ഇന്ത്യയിൽ

ന്യൂഡൽഹി: ആപ്പിൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ ആരംഭിക്കുമെന്ന് സിഇഒ ടിം കുക്ക്. ഈ മാസം കുക്ക് ഇന്ത്യ സന്ദർശിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉൽപ്പാദന വിപുലീകരണം, കയറ്റുമതി തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങളും സന്ദർശന വേളയിൽ പ്രധാന മന്ത്രിമാരുമായി ചർച്ച നടത്തും.

2016ലെ ഇന്ത്യ സന്ദർശനത്തിലും കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതുപോലെ ഇപ്രാവശ്യവും കൂടിക്കാഴ്ച നടത്താനാണ് സാധ്യത. കാലിഫോർണിയയിലെ കമ്പനിയുടെ ആസ്ഥാനം, പദ്ധതിക്കായുള്ള രൂപരേഖ തയ്യാറാക്കുകയാണ്. രൂപരേഖ പൂർത്തിയായതിനു ശേഷം മുംബൈയിൽ സ്റ്റോർ ആരംഭിക്കുന്ന തീയതി പുറത്തുവിടുമെന്നാണ് വിവരം. ഇന്ത്യ സന്ദർശനത്തിൽ കുക്കിനൊപ്പം ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൾ വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ഡെയ്‌ഡ്രെ ഒബ്രിയൻ അനുഗമിച്ചേക്കാം.

2016 ലെ സന്ദർശനത്തിൽ ബോളിവുഡ്-ക്രിക്കറ്റ് താരങ്ങളുമായും കുക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. കാലി-പീലി ടാക്സി കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവ് മാളിൽ ഒരുങ്ങുന്ന സ്റ്റോറിന്റെ മുൻഭാഗം ഒരുക്കുന്നതെന്നാണ് വിവരം.

Post a Comment

Previous Post Next Post