അമ്മയെ സംരക്ഷിച്ചില്ല, വിഷം നൽകാൻ കാരണം അച്ഛനോടുളള പക; ഗൃഹനാഥന്റെ കൊലപാതകം ആസൂത്രത്തിനൊടുവിൽ

(www.kl14onlinenews.com)
(04-April-2023)

അമ്മയെ സംരക്ഷിച്ചില്ല, വിഷം നൽകാൻ കാരണം അച്ഛനോടുളള പക; ഗൃഹനാഥന്റെ കൊലപാതകം ആസൂത്രത്തിനൊടുവിൽ
തൃശൂർ: അവണൂരിലെ ഗൃഹനാഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനോടുളള പകയാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ പറഞ്ഞു. രണ്ടാനമ്മയോട് തനിക്ക് സ്നേഹമോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ കാരണം അച്ഛനാണെന്നും അമ്മയെ വേണ്ട വിധം സംരക്ഷിച്ചില്ലെന്നും മകൻ പൊലീസിന് മൊഴി നൽകി.

ആയുർവേദ ഡോക്ടറായ മകൻ മയൂരനാഥനാണ് കടലക്കറിയിൽ വിഷം കലർത്തി ശശീന്ദ്രനെ കൊലപ്പെടുത്തിയത്. ഏറെനാളത്തെ ആസൂത്രത്തിനൊടുവിലാണ് ഇതിനായുളള രാസക്കൂട്ട് തയ്യാറാക്കിയതെന്നും മകൻ പൊലീസിനോട് പറഞ്ഞു. വീട്ടിലുള്ളവരും തോട്ടത്തിലെ തൊഴിലാളികളും കുഴഞ്ഞുവീണതോടെ ഇതിനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അച്ഛനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാമെന്നായിരുന്നു ഉദ്ദേശം. സ്വത്ത് ആവശ്യപ്പെട്ട് അച്ഛനുമായി തർക്കം ഉണ്ടായിരുന്നു. കൊലപാതകത്തിൽ ശിക്ഷ ഏറ്റെടുക്കാൻ തയാറാണെന്നും ചോദ്യം ചെയ്യലിനൊടുവിൽ മയൂരനാഥൻ പറഞ്ഞു.
മയൂരനാഥൻ ഓൺലൈൻ വഴി വരുത്തിയ വസ്തുക്കൾ ഉപയോഗിച്ചാണ് വിഷം തയാറാക്കിയത്. ഞായറാഴ്ച വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് ശശീന്ദ്രൻ രക്തം ചർദ്ദിച്ച് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്നായിരുന്നു ആദ്യ സംശയം എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംശയം മയൂരനാഥനിലേക്ക് തിരിഞ്ഞത്. മെഡിക്കല്‍ കോളജ് പൊലീസാണ് മയൂരനാഥനെ അറസ്റ്റ് ചെയ്തത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മയൂരനാഥനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ചികിത്സയിൽ തുടരുകയാണ്. വിശദമായ പരിശോധനയിലേ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വ്യക്തമാകൂ എന്ന് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചു. മകൻ മാത്രം വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒരാഴ്ചക്കുള്ളിൽ പതോളജി, വൈറോളജി ഫലങ്ങൾ ലഭിക്കും. എന്നാൽ റീജിയണൽ കെമിക്കൽ ലബോറട്ടറി ഫലം ലഭിക്കാൻ ഒരു മാസമെടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം. റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ വിഷത്തെ കുറിച്ചുളള അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

Post a Comment

Previous Post Next Post