'സത്യമാണ് എന്റെ ആയുധം, ഇത് മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടം': രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(04-April-2023)

'സത്യമാണ് എന്റെ ആയുധം, ഇത് മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടം': രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ജാമ്യം നീട്ടി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സത്യമാണ് തന്റെ ആയുധമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത് മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ സത്യമാണ് തന്റെ ആയുധമെന്നും സത്യമാണ് തന്റെ അഭയമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്. ഈ പോരാട്ടത്തില്‍ സത്യമാണ് എന്റെ ആയുധം. സത്യമാണ് എന്റെ അഭയം', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ സൗഹൃദത്തെ സൂചിപ്പിക്കാനാണ് മിത്രങ്ങള്‍ എന്ന വിശേഷണം രാഹുല്‍ ഗാന്ധി സ്ഥിരമായി ഉപയോഗിക്കാറുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനെ അദ്ദേഹം 'മിത്ര കാല്‍ ബജറ്റ്' എന്ന് വിശേഷിപ്പിച്ചിരുന്നു.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെയാണ് നീട്ടിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഏപ്രില്‍ 13ന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് തടവ് ശിക്ഷ വിധിച്ചത്. മനു അഭിഷേക് സിങ്‌വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാഗമാണ് രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. 'മോദി' പരാമര്‍ശത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാട്‌ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു.
'മോദി' സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ ഏപ്രില്‍ 12 ന് ഹാജരാകാന്‍ പാട്‌നയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിന്മേലാണ് പാട്‌ന കോടതിയുടെ നടപടി.

Post a Comment

Previous Post Next Post