കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; 4 കോടി പിഴ അടക്കണം, കോച്ച് ഇവാന്‍ വുകോമനോവിച്ചിന് വിലക്കും 5 ലക്ഷം പിഴയും

(www.kl14onlinenews.com)
(01-April-2023)

കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; 4 കോടി പിഴ അടക്കണം, കോച്ച് ഇവാന്‍ വുകോമനോവിച്ചിന് വിലക്കും 5 ലക്ഷം പിഴയും
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തി. ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച് ഇവാൻ വുക്കൊമനോവിച്ച് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. സംഭവത്തിൽ പരസ്യമായി മാപ്പ് പറയാനും ബ്ലാസ്റ്റേഴ്സിനോട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിർദേശിച്ചു. വിധിക്കെതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാനും അവസരമുണ്ട്.
ഇവാൻ വുക്കൊമനോവിച്ചിന് ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. കോച്ചും മാപ്പ് പറയണമെന്ന് ഫെഡറേഷൻ നിർദേശിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ തുക പത്ത് ലക്ഷമാകും. പത്ത് ദിവസത്തിനകം പിഴയടക്കാനും നിർദേശമുണ്ട്. താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ലോക ഫുട്ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി അദ്ധ്യക്ഷൻ വൈഭവ് ​ഗഗ്ഗാർ പറഞ്ഞു.
ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം നിർത്തിവെച്ച് കളംവിട്ടത്. ഗോൾ രഹിതമായ നിശ്ചിത സമയത്തിന് ശേഷം എക്‌സ്ട്രാ ടൈമിലായിരുന്നു വിവാദ ഗോൾ പിറന്നത്. എക്‌സ്ട്രാ ടൈമിന്റെ 96-ാം മിനുറ്റിൽ ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കും മുൻപ് ഛേത്രി വലയിലാക്കി. എന്നാൽ തങ്ങൾ തയ്യാറെടുക്കും മുൻപാണ് കിക്കെടുത്തതെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വാദിച്ചു. റഫറി തീരുമാനം മാറ്റാൻ തയ്യാറാകാതിരുന്നതോടെ കോച്ച് ഇവാൻ വുകോമനോവിച്ച് താരങ്ങളെ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ വിളിക്കുകയായിരുന്നു.
സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എഐഎഫ്എഫിന്റെ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 58 കേരള ബ്ലാസ്റ്റേഴ്‌സ് ലംഘിച്ചെന്നായിരുന്നു കണ്ടെത്തൽ. സംഭവം അച്ചടക്ക സമിതി വിശദമായി ചർച്ച ചെയ്തുവെന്നും മത്സരം നിർത്തിപ്പോകാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനം ഇന്ത്യൻ ഫുട്‌ബോളിനെ മോശമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post