മഹാരാഷ്ട്രയിൽ കർഷകർ സമര മുഖത്തേക്ക്; കാൽനട ജാഥയായി പ്രതിഷേധം

(www.kl14onlinenews.com)
(16-Mar-2023)

മഹാരാഷ്ട്രയിൽ കർഷകർ സമര മുഖത്തേക്ക്; കാൽനട ജാഥയായി പ്രതിഷേധം
മഹാരാഷ്ട്രയിലെ കർഷകർ വീണ്ടും സർക്കാരിനെതിരെ സമരമുഖത്തേക്ക്. ആയിരക്കണക്കിന് കർഷകർ മുംബൈയിലേക്ക് കാൽനടയായി നീങ്ങുകയാണ്. അതിനിടെ, കർഷകരുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും മന്ത്രിമാരായ ദാദാ ഭൂസെയ്ക്കും അതുൽ സേവിനും സർക്കാർ ചുമതല നൽകിയിട്ടുണ്ട്. ഇരു മന്ത്രിമാരും കർഷകരെ സന്ദർശിച്ച് അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. 

അയ്യായിരത്തോളം കർഷകർ വിവിധ ആവശ്യങ്ങളുന്നയിച്ച് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്നാണ് ചൊവ്വാഴ്‌ച മാർച്ച് ആരംഭിച്ചത്. ഈ കർഷകരിൽ ഭൂരിഭാഗവും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്, അവർ വനഭൂമിയുടെ അവകാശത്തിലും മറ്റ് കർഷക സംബന്ധമായ പ്രശ്‌നങ്ങളിലും ഇളവ് തേടുകയാണ്.

ഉള്ളി കർഷകർക്ക് ക്വിന്റലിന് 600 രൂപ അടിയന്തര ധനസഹായം നൽകുക, 12 മണിക്കൂർ തടസ്സമില്ലാത്ത വൈദ്യുതി വിതരണം, കാർഷിക കടം എഴുതിത്തള്ളൽ എന്നിവ ഈ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. നാസിക് ജില്ലയിലെ ദിൻഡോരിയിൽ നിന്ന് ആരംഭിച്ച മാർച്ച് മുംബൈ വരെ 203 കിലോമീറ്റർ സഞ്ചരിക്കും. വെള്ളിയാഴ്‌ച രാത്രിയോടെ കർഷക മാർച്ച് മുംബൈയിലെത്തും.

തങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കർഷകർ മുംബൈയിലേക്ക് മാർച്ച് നടത്തുന്നത് ഇതാദ്യമല്ല. അഞ്ച് വർഷം മുമ്പും ഇവർ സമാനമായ രീതിയിൽ മാർച്ച് നടത്തിയിരുന്നു. തുടർന്ന് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും അതിന് ഇതുവരെയും തയ്യാറായിട്ടില്ല. വളരെ കുറച്ച് ആവശ്യങ്ങൾ മാത്രമായിരുന്നു അംഗീകരിച്ചത്. ഇതോടെയാണ് വീണ്ടും കർഷകർ സമരത്തിന് ഇറങ്ങുന്നത്. 

വിലക്കുറവ് മൂലം ദുരിതം അനുഭവിക്കുന്ന ഉള്ളി കർഷകർക്ക് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്‌ച ക്വിന്റലിന് 300 രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ചിരുന്നു. ഇത് കർഷകർക്ക് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ കർഷകർ ഈ പ്രഖ്യാപനത്തിൽ തൃപ്‌തരല്ല.

പ്രതിഷേധവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ 

പ്രതിഷേധത്തിന്റെ തോത് കണക്കിലെടുത്ത് ക്രമസമാധാനപാലനത്തിന് മതിയായ പോലീസുകാരെ വിന്യസിച്ചതായി ഡിസിപി കിരൺ കുമാർ ചവാൻ പറഞ്ഞു. നാസിക്കിൽ നിന്ന് മുംബൈയിലേക്കുള്ള കാൽനട ജാഥയായതിനാൽ ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡുകളിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിനുമായി മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്. 

മാർച്ച് 13ന് ഡൽഹിയിൽ കർഷകരുടെ പ്രതിഷേധം

മുൻപ് തലസ്ഥാനമായ ഡൽഹിയിലെത്തിയ പഞ്ചാബിൽ നിന്നുള്ള നിരവധി കർഷകർ നരേന്ദ്ര മോദി സർക്കാരിനെതിതിരെ സമരമുന്നണി സൃഷ്‌ടിച്ചിരുന്നു. പഞ്ചാബിൽ നിന്നുള്ള കർഷക സംഘടന തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വച്ച് മാർച്ച് 13ന് ഡൽഹിയിലെ ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനെതിരെ പ്രകടനം നടത്തിയിരുന്നു. 5 കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

ഇവിടെ എംഎസ്‌പി, പഞ്ചാബിലെ ജലക്ഷാമം, ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരായ നടപടി, പരിസ്ഥിതി മലിനീകരണ വിഷയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കർഷകർ പ്രതിഷേധിച്ചത്. മാർച്ച് 20ന് രാകേഷ് ടികായിത് കിസാൻ മഹാപഞ്ചായത്തും വിളിച്ചു ചേർത്തിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ നടപടികളിൽ കർഷകർ രോഷത്തിലാണ്.

Post a Comment

Previous Post Next Post