ഇനി ആവർത്തിക്കരുതെന്ന് സ്പീക്കർ; നടക്കുന്നത് ജനം കാണട്ടെയെന്ന് വിഡി സതീശൻ

(www.kl14onlinenews.com)
(16-Mar-2023)

ഇനി ആവർത്തിക്കരുതെന്ന് സ്പീക്കർ; നടക്കുന്നത് ജനം കാണട്ടെയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഇന്നലെ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവങ്ങളെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഇന്നേവരെ സഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ ചേംബര്‍ തന്നെ ഉപരോധിക്കുന്ന നിലയുണ്ടായി. കക്ഷിനേതാക്കളുടെ യോഗം ചേര്‍ന്നതിന്റെ സാഹചര്യത്തില്‍ സഭയുമായി എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.

മികച്ച സാമാജികര്‍ രണ്ടുപക്ഷത്തുമുണ്ട്. നല്ല നിലയില്‍ തന്നെ സഭയുമായി സഹകരിക്കണം. ഇന്നലെ നടന്ന രീതികള്‍ ഉണ്ടാകാന്‍ പാടില്ലത്താതാണെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറുടെ ഈ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്പീക്കറുടെ സഭയുടെ മുന്നില്‍ ഒരു സത്യഗ്രഹസമരമാണ് നടത്തിയത്. സ്പീക്കറുടെ വഴി തടയാനോ അവിടെ മനപൂര്‍വം എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാനോ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡ് വന്ന് തങ്ങളെ ഉപദ്രവിക്കുകയായിരുന്നു. വനിതാ എംഎല്‍എയെ അടക്കം ഉപദ്രവിക്കുകയായിരുന്നു. സഭ നല്ലപോലെ നടത്തിക്കൊണ്ടു പോകാന്‍ പ്രതിപക്ഷത്തിനുള്ള അടിയന്തപ്രമേയ അവതരണത്തിനുള്ള നോട്ടീസ് നല്‍കുന്നതിനുള്ള അവസരം നിഷേധിക്കരുത്. വനിതാ എംഎല്‍എമാരെ ആക്രമിച്ച സംഭവത്തില്‍ ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും രണ്ട് എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഈ രണ്ടുകാര്യത്തിലും ധാരണയിലെത്തിയാല്‍ സഭാ നടപടിയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

സ്പീക്കറുടെ മുഖം മറച്ച് ഉള്‍പ്പടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പല തവണ അഭ്യര്‍ഥിച്ചിട്ടും അത് കേള്‍ക്കാന്‍ പോലും പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറായില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയ്ക്കകത്തെ വിഷ്വല്‍ റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലെന്നറിഞ്ഞിട്ടും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ റെക്കോര്‍ഡ് ബ്ലാക്ക് ചെയ്യാവുന്ന ടെക്‌നോളജിയുണ്ടായിട്ടും ആ നിലയിലേക്ക് ചെയര്‍ പോയിട്ടില്ല. ഇന്നലെ നടന്ന രീതിയിലുള്ള കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. സഭ ടിവി ഏകപക്ഷീയമാണെന്നും ഇവിടെ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശന്‍ ചോദിച്ചു. ഇതിനടയില്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഇന്നത്തേയ്ക്കു പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post