എച്ച്3എന്‍2ല്‍ ആശങ്ക വേണ്ട; കൊടും ചൂടില്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

(www.kl14onlinenews.com)
(11-Mar-2023)

എച്ച്3എന്‍2ല്‍ ആശങ്ക വേണ്ട; കൊടും ചൂടില്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപനിയുമായി ബന്ധപ്പെട്ട ഉപവകഭേദമായ എച്ച്3 എന്‍2 നേരത്തെയുള്ളതാണെന്നും ഇതില്‍ ആശങ്ക വേണ്ടായെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ആലപ്പുഴയില്‍ രണ്ട് എച്ച്3 എന്‍2 രോഗികള്‍ ചികിത്സയിലുണ്ട്. മറ്റ് സ്ഥിരീകരണമോ മരണമോ ഈ വൈറസ് മൂലം ഉണ്ടായിട്ടില്ല. ഇന്‍ഫ്‌ലുവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് എച്ച്3 എന്‍2. കനത്ത തണുപ്പില്‍നിന്ന് അന്തരീക്ഷ താപനില വര്‍ധിച്ചത് പനി വ്യാപകമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതും നിര്‍ജലീകരണ സാധ്യതയും രോഗത്തിലേക്ക് നയിച്ചേക്കാം. ചിക്കന്‍പോക്സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്ക്കെതിരെയും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ഇന്‍ഫ്ളുവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്‍ഫ്ളുവന്‍സ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് എച്ച്3 എന്‍2 അല്ലായെന്ന് ഉറപ്പാക്കും. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ മുന്‍കൂട്ടി നിപ പ്രതിരോധ ജാഗ്രത നിര്‍ദേശം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. വയറിളക്കം ഉണ്ടായാല്‍ ഉടനെ ആശുപത്രിയില്‍ പോകണം-വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ചുങ്കത്തറയില്‍ 11 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. വേനല്‍ക്കാലത്ത് മലിനമായ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ചൂട് കൂടുന്നു: കരുതല്‍ വേണം, നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണം, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കന്‍പോക്സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കെട്ടിടങ്ങള്‍ക്കു പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജൂസ് കുടിക്കുന്നവര്‍ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തണമെന്നും മെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Post a Comment

Previous Post Next Post