'കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകും'; സുമലത

(www.kl14onlinenews.com)
(11-Mar-2023)

'കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകും'; സുമലത
എല്ലാ അഭ്യുഹങ്ങൾക്കും വിരാമമിട്ട് കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) പിന്തുണ നൽകുമെന്ന് നടിയും രാഷ്ട്രീയ നേതാവുമായ സുമലത അംബരീഷ് പ്രഖ്യാപിച്ചു. നിലവിൽ കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ താൻ വിശ്വസിക്കുന്നുവെന്നും, തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞാൻ പിന്തുണ നൽകുമെന്നും സുമലത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 12ന് മാണ്ഡ്യ സന്ദർശിക്കാനിരിക്കെ മാണ്ഡ്യയിലെ തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുമലത ഇക്കാര്യം വ്യക്തമാക്കിയത്. ചില സാങ്കേതിക കാരണങ്ങളാൽ തനിക്ക് ബിജെപിയിൽ ചേരാൻ കഴിയില്ലെന്നും എന്നാൽ പാർട്ടിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. 200-ലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് സുമലത.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുടെ പിന്തുണയോടെയാണ് സുമലത വിജയിച്ചത്. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനതാദളിന്റെ (സെക്കുലർ) നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ അവർ വിജയിച്ചു. മാണ്ഡ്യ ജില്ലയിൽ ജെഡി (എസ്)ക്കും കോൺഗ്രസിനും ശക്തമായ ഒരു കോട്ടയുണ്ട്. അതുകൊണ്ട് തന്നെ സുമലത ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് മാണ്ഡ്യയിൽ പാർട്ടിക്ക് ഗുണം ചെയ്യും.

മാർച്ച് 12 ന് മാണ്ഡ്യ ജില്ലയിൽ ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. സന്ദർശന വേളയിൽ അദ്ദേഹം റോഡ്‌ഷോ നടത്തും. ഏപ്രിൽ-മെയ് മാസങ്ങളിലാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്.


Post a Comment

Previous Post Next Post