കാസർകോട്, ചെമ്മനാട് ജലവിതരണ പദ്ധതി ടാങ്കുകളുടെ നിർമാണം ഉടൻ തുടങ്ങും: മന്ത്രി റോഷി

(www.kl14onlinenews.com)
(04-Mar-2023)

കാസർകോട്, ചെമ്മനാട് ജലവിതരണ പദ്ധതി ടാങ്കുകളുടെ നിർമാണം ഉടൻ തുടങ്ങും: മന്ത്രി റോഷി
കോളിയടുക്കം : ശുദ്ധജല പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിൽ ജലം സംഭരിക്കുന്നതിനുള്ള ടാങ്കുകളുടെ നിർമാണം ഉടൻ തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബിയുടെ സഹായത്തോടെ കാസർകോട് നഗരസഭയ്ക്കും ചെമ്മനാട് പഞ്ചായത്തിനുമായുള്ള ജലവിതരണ പദ്ധതിക്കായി 76 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ചെമ്മനാട് പഞ്ചായത്തിന് മാത്രമായി 21.24 കോടി രൂപയും കാസർകോട് നഗരസഭയ്ക്കും ചെമ്മനാട് പഞ്ചായത്ത് എന്നിവയ്ക്കുള്ള നിർമാണത്തിനു വേണ്ടി 42.35 കോടി രൂപയും നഗരസഭയ്ക്കു വേണ്ടി മാത്രം 12.41 കോടി രൂപയുമാണു നീക്കി വച്ചിട്ടുള്ളത്.

ബാവിക്കര പദ്ധതിയിൽ നിന്ന് വെള്ളം എടുത്ത് ചെമ്മനാട് പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം നൽകാനുള്ള പദ്ധതിയാണിത്. ദേളം-കുന്നാപാറ, ചട്ടഞ്ചാൽ-കുന്നാറ എന്നിവിടങ്ങളിൽ ടാങ്ക് നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസമാണു പദ്ധതി വൈകാൻ കാരണം. ചട്ടഞ്ചാൽ കുന്നാറയിലെ സ്ഥലം സ്വമേധയാ തരാൻ ഉടമസ്ഥൻ തയാറാകാത്തതും പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം അവിടെ ഓഡിറ്റോറിയം നിർമിക്കാൻ അനുമതി നൽകിയതും ഭൂമി ഏറ്റെടുക്കൽ നടപടി വൈകാൻ കാരണമായി. നിയമസഭയിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


Post a Comment

Previous Post Next Post